ഒരുമിച്ച് നടക്കാം വര്‍ഗ്ഗീയതയ്‌ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനുവേണ്ടി എന്ന ഐതിഹാസിക മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാൽനട ജാഥകൾ മെയ് 28-ന് തൃശൂരില്‍ സംഗമിക്കും. തിരുവനന്തപുരത്തു നിന്നും പര്യടനം ആരംഭിച്ച എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ ക്യാപ്റ്റനും എസ് വിനോദ് കുമാര്‍,അഡ്വ. ആര്‍ ജയന്‍, അഡ്വ. ഭവ്യ കണ്ണന്‍(വൈസ് ക്യാപ്റ്റന്മാര്),അഡ്വ. ആര്‍ എസ് ജയന്‍, (ഡയറക്ടര്‍) എന്നിവര്‍ അംഗങ്ങളുമായ തെക്കന്‍ മേഖലാ ജാഥയും കാസർകോട് നിന്നും ആരംഭിച്ച എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ ക്യാപ്റ്റനും കെ ഷാജഹാന്‍, പ്രസാദ് പറേരി, അഡ്വ. വിനീത വിന്‍സെന്റ് (വൈസ് ക്യാപ്റ്റന്മാര്), അഡ്വ. കെ കെ സമദ്(ഡയറക്ടര്‍) എന്നിവര്‍ അംഗങ്ങളുമായ വടക്കന്‍ മേഖലാ ജാഥയും തൃശൂരിൽ സംഗക്കും.
മെയ് 28-ന് വൈകിട്ട് 5 മണിയ്ക്ക് ഇരുജാഥകളും തെക്കേഗോപുരനടയില്‍ സംഗമിക്കും. തൃശൂര്‍ ശക്തന്‍നഗറില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനത്തില്‍ ഭഗത്സിംഗ് യൂത്ത് ഫോഴ്‌സിലെ 3000 അംഗങ്ങളും ആയിരക്കണക്കിന് യുവജനങ്ങളും അണിനിരക്കും. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ജാഥകള്‍ തെക്കേഗോപുരനടയില്‍ എത്തിച്ചേരും. തുടര്‍ന്നു തെക്കേഗോപുരനടയില്‍ സജ്ജീകരിച്ചിരിക്കുന്ന ഫാസിസ്റ്റ്‌വിരുദ്ധ സംഗമവേദിയില്‍ നടക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
സിപിഐ സംസ്ഥാന എക്‌സി.അംഗങ്ങളായ കെ പി രാജേന്ദ്രന്‍, സി എന്‍ ജയദേവന്‍, രാജാജി മാത്യു തോമസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, എ ഐ വൈ എഫ് ദേശീയ സെക്രട്ടറി ആര്‍ തിരുമലൈ, സിപിഐയുടെയും എ ഐ വൈ എഫിന്റെയും സംസ്ഥാന-ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനാനന്തരം തൈവമക്കള്‍ കണിമംഗലം അവതരിപ്പിക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
സ്വാഗതസംഘം കൺവീനർ കെ കെ വത്സരാജ്, ട്രഷറർ പി ബാലചന്ദ്രന്‍ എംഎൽഎ, സിപിഐ ജില്ലാ എക്സി.അംഗം ടി പ്രദീപ്കുമാർ, എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് ബിനോയ് ഷബീർ, സെക്രട്ടറി പ്രസാദ് പറേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.