തൃശൂര്‍: എഐവൈഎഫ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എ ഐ വൈ എഫ് മുൻ സംസ്ഥാന കമ്മിറ്റി അംഗം പടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായ കെ സി ബിജു അനുസ്മരണം സംഘടിപ്പിച്ചു.
ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലാക്കിയ ഉദാത്തനായ കമ്മ്യൂണിസ്റ്റായിരുന്നു കെ സി ബിജുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലും വര്‍ഗ്ഗ ബഹുജന സംഘടനകളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു ബിജു. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ ബിജുവിനെ കാണാനാകുമായിന്നുള്ളൂ.
പാര്‍ട്ടി തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോഴും പടിയൂരിലെ ജനങ്ങള്‍ക്കൊപ്പവും ബിജു ഉണ്ടായിരുന്നു. അധികാര രാഷ്ട്രീയത്തിനു പിന്നാലെ പോകാതെ പിന്നില്‍ നിന്നും പ്രവര്‍ത്തിക്കാനാഗ്രഹിച്ച വ്യക്തിയായിരുന്നു കെ സി ബിജുവെന്നും കെ രാജന്‍ പറഞ്ഞു. നാടിന്റെ പ്രശ്നങ്ങള്‍ക്കൊപ്പം നിന്നിരുന്ന ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്നു കെ സി ബിജുവെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം കെ പി രാജേന്ദ്രന്‍ അനുസ്മരിച്ചു.
ചെറിയ പ്രായത്തില്‍ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാര്‍ട്ടിയിലും ഒട്ടേറെ ചുമതലകള്‍ വഹിച്ചിരുന്നു. ഏറ്റെടുക്കുന്ന ചുമതലകളെല്ലാം തികഞ്ഞ ഉത്തരവാദിത്വത്തോടെ നിറവേറ്റാന്‍ ബിജുവിന് സാധിച്ചിരുന്നാതായും കെ പി രാജേന്ദ്രന്‍ പറഞ്ഞു. എഐവൈഎഫ് ജില്ലാസെക്രട്ടറി പ്രസാദ് പാറേരി സ്വാഗതം പറഞ്ഞു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷെബീര്‍ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജില്ലാ എക്സിക്യൂട്ടീവംഗം ടി പ്രദീപ്കുമാര്‍, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി കെ വിനീഷ്, ലിനി ഷാജി, ജില്ലാ നേതാക്കളായ സംഗീത മനോജ്, ജി ബി കിരണ്‍, ഷാജി കാക്കശ്ശേരി, ഇ ആർ ജോഷി എന്നിവര്‍ സംസാരിച്ചു. യോഗത്തിന് കനിഷ്കൻ വല്ലൂർ നന്ദി രേഖപ്പെടുത്തി