നഗരസഭാ പരിസരത്തും, പാലിയേക്കര – കാട്ടൂക്കര റോഡ് പരിസരത്തും എഐവൈഎഫ് തിരുവല്ല ടൗൺ മേഖല പ്രവർത്തകർ പ്രതിക്ഷേധ പോസ്റ്റർ പതിച്ചു. പാലിയേക്കര-കാട്ടൂക്കര റോഡ് സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് തിരുവല്ല ടൗൺ മേഖല ഭാരവാഹികളായ പ്രസിഡന്റ് ശ്രീവൽസ് തമ്പി , സെക്രട്ടറി വിഷ്ണു ഭാസ്കർ എന്നിവർ അറിയിച്ചു.
നഗരസഭയിലെ പ്രധാന റോഡാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. കുണ്ടും കുഴിയുമായി യാത്രക്കാർക്ക് ദുരിതമാണ് പാലിയേക്കര – കാട്ടുക്കര റോഡ്. നഗരസഭയുടെ അഞ്ചു വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് തകർന്നിട്ട് കാലം കുറെയായി. വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടതോടെ മഴക്കാലത്ത് റോഡ് ഗതാഗത യോഗ്യമല്ലാതെയായി. ചെളിവെള്ളം ഒഴുകിപ്പോകാൻ പലയിടത്തും ഓടയുമില്ല. ഇതുകാരണം ആളുകൾക്ക് നടന്നുപോകാൻ പോലും ഇടമില്ല. കാലാകാലങ്ങളിൽ നഗരസഭ അറ്റകുറ്റപ്പണി നടത്താറില്ല. തിരുവല്ല – മാവേലിക്കര സംസ്ഥാനപാതയിലൂടെ എത്തുന്ന വാഹന യാത്രികർക്ക് എസ്.സി. കവലയിലെ തിരക്കിൽപ്പെടാതെ എം.സി. റോഡിൽ പ്രവേശിക്കാനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്.
പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് പോകുന്നത്. റോഡിലെ കുഴികളിൽ വീണ് അപകടങ്ങളും പതിവാണ്. റോഡിന്റെ തകർച്ച കാരണം ടാക്സി വാഹനങ്ങൾ വരാൻ മടിക്കുന്നതായും എ ഐ വൈ എഫ് തിരുവല്ല ടൗൺ മേഖല ഭാരവാഹികളായ പ്രസിഡന്റ് ശ്രീവൽസ് തമ്പി , സെക്രട്ടറി വിഷ്ണു ഭാസ്കർ എന്നിവർ പറഞ്ഞു.