മാവേലിക്കര: നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ നിർദിഷ്ട പി കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിൽ തോപ്പിൽ ഭാസിക്ക് ഉചിതമായ സ്മാരകം നിർമിക്കണമെന്ന് ഇന്നലെ സമാപിച്ച എഐവൈഎഫ് ജില്ലാ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.നൂറനാട് ലെപ്രസി സാനിറ്റോറിയം വളപ്പിൽ പി കൃഷ്ണപിള്ളയുടെ നാമധേയത്തിൽ സാംസ്കാരിക നിലയം ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തെ എഐവൈഎഫ് സ്വാഗതം ചെയ്തു.
ലെപ്രസി സാനിറ്റോറിയത്തിന്റെ ചരിത്രവുമായി അഭേദ്യമായ ബന്ധമാണ് തോപ്പിൽഭാസിക്ക് ഉള്ളത്. ലെപ്രസി സാനിറ്റോറിയം അന്തേവാസികളെ പൊതുസമൂഹം അറപ്പോടെ അകറ്റിനിർത്തിയിരുന്ന കാലത്ത് അവിടുത്തെ നിത്യസന്ദർശകനായിരുന്നു തോപ്പിൽ ഭാസി.
തന്റെ നാടകങ്ങളിലൂടെയും സിനിമകളിലൂടെയും സാനിറ്റോറിയം അന്തേവാസികളുടെ ജീവിതത്തെ പൊതുസമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.അദ്ദേഹത്തിന്റെ അശ്വമേധം എന്ന നാടകത്തിലെ രോഗം ഒരു കുറ്റമാണോ എന്ന ചോദ്യം കാലാതിവർത്തിയായി ഇന്നും നിലകൊള്ളുന്നു.
സാനിറ്റോറിയം വളപ്പിനുള്ളിൽ സിനിമ തിയേറ്റർ, വായനശാല തുടങ്ങിയവ സ്ഥാപിക്കുന്നതിനും തോപ്പിൽഭാസിയുടെ മുൻകൈ പ്രവർത്തനം ഉണ്ടായിരുന്നു. നാടകകൃത്ത്, സിനിമ സംവിധായകൻ, സാഹിത്യകാരൻ, വിപ്ലവകാരി തുടങ്ങിയ നിലകളിൽ കേരള ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടിയ തോപ്പിൽ ഭാസിക്ക് ലെപ്രസി സാനിറ്റോറിയം വളപ്പിലെ നിർദിഷ്ട സാംസ്കാരിക നിലയത്തിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് എഐവൈഎഫ് ജില്ലാ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെഎസ്ആർടിസിയെ സംരക്ഷിക്കുന്നതിന് ദീർഘകാല പദ്ധതി ആവിഷ്കരിക്കുക, ഓൺലൈൻ റമ്മി പോലെയുള്ള ചൂതാട്ടങ്ങൾ നിയമംമൂലം നിരോധിക്കുക, ബ്രഹ്മപുരത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്മരണത്തിന് ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക തുടങ്ങിയ പ്രമേയങ്ങളും ജില്ലാ ക്യാമ്പ് അംഗീകരിച്ചു.
എഐവൈഎഫ് ചരിത്രവും സംഘടനയും സംഘാടവും എന്ന വിഷയത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ക്ലാസ് എടുത്തു. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ, എസ് സോളമൻ, എ ശോഭ, സി എ അരുൺകുമാർ, കെ ജി സന്തോഷ്, കെ ചന്ദ്രനുണ്ണിത്താൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ജില്ല സെക്രട്ടറി സനൂപ് കുഞ്ഞുമോൻ പ്രവർത്തനരേഖയും പ്രസിഡന്റ് ബൈരഞ്ജിത് ഭാവി പരിപാടിയും അവതരിപ്പിച്ചു. പി വി ഗിരീഷ് കുമാർ ലീഡറും ഷെമീറ ഹാരീസ് ആദർശ് ശിവൻ ഡപ്യൂട്ടി ലീഡറുമായിരുന്നു. വൈകിട്ട് ഗ്രൂപ്പ് ചർച്ചയും, വിവിധ കലാപരിപാടികളും നടന്നു.