പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ നവോത്ഥാന ചരിത്രത്തിൽ നാഴികക്കല്ലായ കൽപ്പാത്തി സമരത്തിന്റെ നൂറാം വാർഷികം ആചരിക്കുന്നു. അനുസ്മരണ സമ്മേളനം സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് ജില്ല പ്രസിഡന്റ് പി നൗഷാദ് അധ്യക്ഷത വഹിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി, ജില്ല സെക്രട്ടറി കെപി സുരേഷ് രാജ്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, എഐവൈഎഫ് ജില്ല സെക്രട്ടറി കെ ഷാജഹാൻ തുടങ്ങിയവർ പങ്കെടുക്കും.
1924 ആഗസ്റ്റ് 25 ന് മദ്രാസ് ഗവണ്മെന്റ് അധ:സ്ഥിത പിന്നോക്ക ജനതക്ക് പൊതു ഇടങ്ങളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചതിനെ തുടർന്ന് 1924 നവംബർ 13 ന് രഥോത്സവം കാണാൻ കൽപ്പാത്തിയിലേക്കെത്തിയവർക്ക് നേരെ നടന്ന ആക്രമണമാണ് കൽപ്പാത്തി സമരമായി മാറിയത്. ബ്രിട്ടീഷ് സർക്കാരും സവർണ്ണാധിപത്യ ശക്തികളും സമരത്തോട് സ്വീകരിച്ച നിഷേധാത്മക സമീപനത്തിന്റെ പശ്ചാത്തലത്തിൽ നൂറു കണക്കിന് ആളുകൾക്കാണ് അക്കാലയളവിൽ മത പരിവർത്തനം നടത്തേണ്ട സാഹചര്യമുണ്ടായത്.കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായി രേഖപ്പെടുത്തപ്പെടേണ്ട സംഭവത്തോട് ഭാവി ചരിത്ര കാരന്മാരും മുഖം തിരിക്കുകയായിരുന്നു.
വർത്തമാന കാല സാഹചര്യത്തിൽ കൽപ്പാത്തി സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ടാണ് എ ഐ വൈ എഫ് നൂറാം വാർഷികം ആചരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. കൽപ്പാത്തി സമരത്തെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുകയും പ്രധാന ചരിത്ര പുരുഷൻമാരുടെ ജീവിത വഴികളിലൂടെ പാലക്കാടിന്റെ സാമൂഹ്യ ചരിത്രം അടയാളപ്പെടുത്തുകയും ചെയ്യുന്ന ലെജി കൃഷ്ണന്റെ ‘നാടുണർത്തിയ പാലക്കാടൻ പോരാളികൾ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവും പ്രസ്തുത വേളയിൽ നടക്കുന്നുണ്ട്.കൂടാതെ പാലക്കാട്ടെ വിവിധ നവോത്ഥാന സമര കേന്ദ്രങ്ങളിൽ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.