പുനലൂർ: കരവാളൂർഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലും പരിസര പ്രദേശങ്ങളിലും കുന്ന് ഇടിക്കലും വയൽ നികത്തലും വ്യാപകമാകുന്നു. നടപടി എടുക്കേണ്ട പൊലീസ്, റവന്യൂ അധികാരികൾ നോക്ക് കുത്തിയാകുന്നു. ഇതിനെതിരെ എഐവൈഎഫ് പരസ്യപ്രക്ഷോഭം ആരംഭിക്കുമെന്ന് കരവാളൂർ ഈസ്റ്റ് മേഖല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കുടിവെള്ളക്ഷാമം നേരിടുന്ന കരവാളൂരിന്റെ കിഴക്കൻ മേഖലയിൽ ഇത്തരത്തിൽ വ്യാപകമായി വയലും തണ്ണീർതടങ്ങളും നികത്തുന്നുന്നതും ഗുരുതരമായ പരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ജീവന് ഭീഷണിയാകുന്ന രീതിയിൽ സ്കൂൾ സമയത്ത് ഉൾപ്പെടെ ടിപ്പറുകൾ കരവാളൂരിന്റെ നിരത്തുകളി ലൂടെ ചീറിപായുകയാണ്. പൊലീസ് അധികാരികളുടെയും പ്രാദേശിക നേതാവിന്റെയും ഒത്താശയോടെയാണ് മണ്ണ് മാഫിയ കരവാളൂരിൽ പ്രവർത്തിക്കുന്നത്. ഗുണ്ടകളെയും ക്രിമിനലുകളെയും ഉപയോഗിച്ച് സാധരണക്കാരന്റെ സ്വര്യജീവിതം തകർത്താണ് ഈ അനധികൃത മണ്ണെടുപ്പും വയൽ നികത്തലും.
അടിയന്തിരമായി ഇത് അവസാനിപ്പിച്ചില്ലെങ്കിൽ പാസ് ഇല്ലാതെ അനധികൃതമായി ഓടുന്ന ടിപ്പർ ലോറികൾ വഴിയിൽ തടയുന്നതുൾപ്പെടെയുള്ള പരസ്യ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു.