തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ മമ്മൂട്ടിയെ സുരക്ഷ പരിശോധന നടത്തുന്ന ചിത്രങ്ങളും വീഡിയോകളും തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ പ്രചരിപ്പിച്ച സംഘപരിവാർ പ്രൊഫൈലുകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിൽ സുരക്ഷ മുൻ നിർത്തി അതിഥികൾ ആയെത്തിയ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാൽ മമ്മൂട്ടി മെറ്റൽ ഡിടക്ടർ പരിശോധനക്ക് നിൽക്കുന്ന വിഡിയോ മാത്രം പ്രചരിപ്പിച്ചു സമൂഹത്തിൽ മത സ്പർദ്ധ വളർത്തും വിധമുള്ള പ്രചാരണമാണ് സംഘ പരിവാർ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയത്. മമ്മൂട്ടിയുടെ പേരും മതവും ഇവരുടെ പ്രശ്നമാണെന്ന് എഐവൈഎഫ് വ്യക്തമാക്കി.
ഒരു വിഭാഗത്തിന് നേരെ അധിക്ഷേപം നടത്തി കേരളത്തിന്റെ മത മൈത്രി തകർക്കാൻ ശ്രമിക്കുന്ന സംഘ പരിവാർ നീക്കത്തെ മത നിരപേക്ഷ സമൂഹം തിരിച്ചറിയണം എന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണം നടത്തിയ പ്രൊഫൈലിന്റെ വിവരങ്ങൾ സഹിതം സൈബർ സെല്ലിലും സംസ്ഥാന പോലിസ് മേധാവിക്കും പരാതി നൽകുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ വ്യക്തമാക്കി.