Thursday, November 21, 2024
spot_imgspot_img
HomeKerala​ഗവർണറെ ഭരണഘടന പഠിപ്പിക്കാൻ എഐവൈഎഫ്; ഡിസംബർ 27 ന് രാജ്ഭവൻ മാർച്ച്

​ഗവർണറെ ഭരണഘടന പഠിപ്പിക്കാൻ എഐവൈഎഫ്; ഡിസംബർ 27 ന് രാജ്ഭവൻ മാർച്ച്

തിരുവനന്തപുരം: കേരളത്തിലെ സർവ്വകലാശാലകളെ കാവിവത്ക്കരിക്കാൻ വേണ്ടി സെനറ്റിൽ ആർഎസ്എസുകാരെ തിരുകി കയറ്റിയ ചാൻസിലറായ ഗവർണ്ണർക്കെതിരെ അതി ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി എഐവൈഎഫ്. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും നടത്തിയ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. ഭരണഘടന വ്യവസ്ഥകൾ കാറ്റിൽപറത്തിക്കൊണ്ടുള്ള രാഷ്ട്രീയ അഴിഞ്ഞാട്ടത്തിലൂടെ കേരളീയ പൊതു സമൂഹത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് ആരിഫ് മുഹമ്മദ്‌ ഖാൻ സ്വീകരിക്കുന്നത്. ഭരണഘടന വിരുദ്ധനായ ​ഗവർണറെ പിൻവലിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. ചാൻസലർ എന്ന നിലയിൽ അവിടത്തെ മൂല്യങ്ങൾ സംരക്ഷിക്കേണ്ട ​ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുക എന്ന ​ഗൂഢലക്ഷ്യമാണ് കേരളത്തിൽ നടപ്പാക്കുന്നത്.

അദ്ദേഹത്തിൽ നിക്ഷിപ്തമല്ലാത്ത അധികാരങ്ങളുപയോ​ഗിച്ച് വളരെ ആസൂത്രിതമായ നീക്കമാണ് ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാല വിഷയങ്ങളിൽ നടപ്പിലാക്കുന്നത്. സർവകലാശാലയുടെ സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും ജനാധിപത്യ പരമായി നടക്കുന്ന തെരഞ്ഞെടുപ്പുകളെ പോലും അട്ടിമറിക്കാനുള്ള ശ്രമമാണ് ​ഗവർണർ ആർഎസ്എസിന്റെ കൂട്ടുപിടിച്ച് നടപ്പാക്കുന്നത്. സെനറ്റിലേക്ക് അർഹതപ്പെട്ട് തെരഞ്ഞെടുത്ത ആളുകളെ ഒഴിവാക്കി പകരം എബിവിപിയുടെയും ആർഎസ്എസിന്റെയും ആളുകളെ തിരികികയറ്റാനാണ് ​ഗവർണർ ശ്രമിക്കുന്നത്. അതാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കണ്ടതെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി.

ജനാധിപത്യത്തിന്റെ സകല സീമകളും ലംഘിച്ചു കൊണ്ട് ആർഎസ്എസ് പ്രീണന നിലപാട് സ്വീകരിക്കുന്ന ഗവർണർ ഭരണ ഘടന പരമായ ഉത്തരവാദിത്വങ്ങൾ മറന്ന് തെരുവ് ഗുണ്ടയെ പോലെ പെരുമാറുന്നത് അത്യന്തം അപഹാസ്യവും പ്രതിഷേധാർഹവുമാണെന്ന് എഐവൈഎഫ് പറഞ്ഞു. ​ഗവർണറുടെ പദവി അനാവശ്യമാണെന്നാണ് എഐവൈഎഫ് എക്കാലവും ഉയർത്തിപ്പിടിച്ചിട്ടുള്ളത്. ​ഗവർണർക്കുവേണ്ട എല്ലാ സംരക്ഷണവും നൽകുന്നത് സർക്കാരാണ്. പക്ഷം ആ സംരക്ഷണത്തിനുള്ളിൽ നിന്ന് അഴിഞ്ഞാടാനാണ് ​ഗവർണർ ശ്രകമിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ നാളിതുവരെയായി ഒരു ​ഗവർണർ തന്റെ സുരക്ഷ സംവിധാനത്തേതന്നെ കാറ്റിൽ പറത്തി ഒരു റോഡ്ഷോ നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ടോ. കേരളത്തിൽ കലാപന്തരീക്ഷം സൃഷ്ടിക്കാൻ മനപൂർവം ​ഗവർണറുടെ ഭാ​ഗത്തുനിന്നുള്ള നീക്കങ്ങളായി വേണം ഇതിനെയെല്ലാം വിലയിരുത്താൻ.

ജനാധിപത്യ സമരങ്ങളോട് അസ്വസ്ഥത പ്രകടിപ്പിക്കുകയും ഭരണഘടന വിഭാവന ചെയ്തിരിക്കുന്ന സംവിധാനം സർക്കാരിന് മുകളിൽ സമാന്തര ഭരണം നടത്താനുള്ള ലൈസൻസാണെന്ന് ധരിച്ചു കൊണ്ട് പ്രവർത്തിക്കുകയും ചെയ്യുന്ന കേരള ഗവർണ്ണറുടെ നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് എഐവൈഎഫ് നേതൃത്വം കൊടുക്കും.

ഗവർണ്ണർക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡിസംബർ 19 ചൊവ്വ വൈകിട്ട് 6 മണിക്ക് പാളയം രക്ത സാക്ഷി മണ്ഡപത്തിൽ വെച്ച് ‘ഭരണ ഘടന വിരുദ്ധനായ ഗവർണ്ണറെ പിൻവലിക്കുക, ജനാധിപത്യം സംരക്ഷിക്കുക ‘ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നും എഐവൈഎഫ് പറഞ്ഞു.

ഡിസംബർ 21 ന് കേരളത്തിലെ മുഴുവൻ നിയോജകമണ്ഡലം കേന്ദ്രീകരിച്ച് ഗവർണ്ണറുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധക്കൂട്ടായ്മകളും സംഘടിപ്പിക്കും. ഡിസംബർ 27 ന് രാജ്ഭവനിലേക്ക് ആയിരങ്ങൾ പങ്കെടുക്കുന്ന യുവജന മാർച്ച്‌ നടത്തുകയും ഗവർണ്ണർക്ക് യഥാർത്ഥ ഭരണഘടനയുടെ മൂല്യങ്ങൾ എന്തെന്ന് മനസില്ലാക്കികൊടുക്കുന്നതിനു ഇന്ത്യൻ ഭരണഘടന കൈമാറുകയും ചെയ്യും മെന്നും എഐവൈഎഫ് വ്യക്തമാക്കി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ സെക്രട്ടറി ആർ എസ് ജയൻ‍ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares