2014ൽ അധികാരത്തിൽ എത്തിയത് മുതൽ നരേന്ദ്രമോദിയുടെ കണ്ണിലെ കരടാണ് കേരളം. ഇന്ത്യ മഹാരാജ്യത്തെ മത രാഷ്ട്രമാക്കി മാറ്റാനുള്ള ആർഎസ്എസിന്റെയും ബിജെപിയുടെയും ശ്രമങ്ങളെ ആദ്യം മുതൽ തിരിച്ചറിയുകയും തുറന്നുകാട്ടുകയും ചെറുക്കുകയും ചെയ്യുന്നത് കേരളമാണ് എന്ന വസ്തുത സംഘപരിവാറിനെയും നരേന്ദ്രമോദിയെയും വിറളി പിടിപ്പിക്കുന്നുണ്ട്. ആ വിറളിയിൽ നിന്നാണ് കേരള സ്റ്റോറി എന്ന പ്രൊപ്പഗണ്ട സിനിമയുടെ പിറവിയും. ഒരു സംസ്ഥാനത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന സിനിമ ഇന്ത്യയുടെ നേർക്കാഴ്ച എന്ന തരത്തിൽ പ്രചരിപ്പിക്കുകയാണ് പ്രധാനമന്ത്രി മോദി. കേരളം മറ്റേതോ രാജ്യത്താണ് എന്നാണ് മോദിയും സംഘപരിവാറും സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
കേരളത്തിൽ ആഴത്തിൽ വേരോടിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാന്നിധ്യം മോദിയെ ഭ്രാന്ത് പിടിപ്പിക്കുന്നു. കമ്മ്യൂണിസ്റ്റുകാരോടുള്ള പകപോക്കാൻ പ്രളയ സഹായങ്ങൾ വെട്ടിക്കുറച്ചും കടക്കെണിയിൽ മുക്കിയും കേരളത്തെ ഇല്ലാതാക്കാൻ ശ്രമിച്ചത് നാം കണ്ടതാണ്.
സംഘപരിവാർ പടച്ചു വിടുന്ന പ്രൊപ്പഗണ്ടയല്ല യഥാർത്ഥ കേരള സ്റ്റോറി. കേരളം നേടിയെടുത്ത ജനാധിപത്യ ബോധവും മതനിരപേക്ഷതയും ഇവിടുത്തെ നവോത്ഥാന, തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചങ്കൂറ്റത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഫലമായി ഉണ്ടായതാണ്. കേരളത്തിന്റെ വികസന മതേതര ജനാധിപത്യ ചരിത്രം സംഘപരിവാറിന് ബോധം ഇല്ലെങ്കിൽ അത് പഠിപ്പിച്ചു കൊടുക്കുക എന്നത് കേരളത്തിൽ ജീവിക്കുന്ന ഓരോ മതേതര വിശ്വാസിയുടെയും കടമയാണ്. ആ കടമ ഏറ്റെടുക്കുകയാണ് സേവ് ഇന്ത്യ മാർച്ചിലൂടെ എഐവൈഎഫ്.
മെയ് 15 മുതൽ 28 വരെ കേരളത്തിന്റെ തെക്കേയറ്റത്ത് നിന്നും വടക്കേ അറ്റത്ത് നിന്നും രണ്ടു കാൽനട ജാഥകൾ എഐവൈഎഫ് നടത്തുകയാണ്. ഈ ജാഥകളിൽ കേരളത്തിന്റെ നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രം എഐവൈഎഫ് സംഘപരിവാറിനെ പഠിപ്പിക്കും.
കേവലം കേരളം എന്ന രാഷ്ട്രീയ ഭൂമികയെ മാത്രം ഉദ്ദേശിച്ചുള്ള യാത്ര അല്ല ഇത്, മറിച്ച് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ രണ്ടു വെല്ലുവിളികൾ, വർഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കും എതിരെ ശബ്ദം ഉയർത്താൻ രാജ്യത്തെ പ്രചോദിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം കൂടി ഈ കാൽനട ജാഥകൾക്കുണ്ട്. ഈ നടത്തം ഒരു തുടക്കമാണ്, സംഘപരിവാർ ഫാസിസ്റ്റ് ശക്തികളെ എതിർത്തു തോൽപ്പിക്കാൻ കേരളം രാജ്യത്തെ തട്ടി ഉണർത്താൻ പോവുകയാണ്. എഐവൈഎഫ് സേവ് ഇന്ത്യ മാർച്ചിലൂടെ കേരളം സംഘപരിവാറിന് എതിരായ പോരാട്ടം ശക്തമാക്കാൻ പോവുകയാണ്.