തൃശ്ശൂർ: സദാചാര അക്രമണത്തിൽ കൊല്ലപ്പെട്ട സഹറിൻ്റെ വസതി എഐവൈഎഫ് പ്രവർത്തകർ സന്ദർശിച്ചു. കഴിഞ്ഞ മാസം 18 ന് ചേർപ്പ് – ചിറയ്ക്കൽ സ്വദേശി സഹറിനെ സദാചാരസംഘം അക്രമിക്കുകയായിരുന്നു. ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹർ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. സഹറിനെ അക്രമിച്ച് കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. എഐവൈഎഫ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ കൊല്ലപ്പെട്ട സഹറിൻ്റെ വസതി സന്ദർശിച്ചു.
ഇത്തരം അക്രമങ്ങൾ പുരോഗമന സമൂഹത്തിന് യോജിച്ചതല്ല എന്നും, പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നും ബിനോയ് ഷബീർ പറഞ്ഞു. സഹറിൻ്റെ കുടുംബംഗങ്ങളുമായി സംസാരിച്ച എഐവൈഎഫ് പ്രവർത്തകർ കുടുംബത്തിന് നീതി ലഭിക്കുംവരെ കേസുമായി ബന്ധപ്പെട്ട് എഐവൈഎഫിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
എഐവൈഎഫ് ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം പി എസ് സുഭാഷ്, ചേർപ്പ് മണ്ഡലം സെക്രട്ടറി കെ ബി ഋചിക്, മണ്ഡലം പ്രസിഡന്റ് അക്ഷയ് ശങ്കർ, ജില്ലാ കമ്മിറ്റി അംഗം രേഖ രിതേഷ്, മണ്ഡലം വൈസ് പ്രസിഡന്റും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ നജീബ് തുടങ്ങിയവരും സഹറിൻ്റെ വസതിയിൽ എത്തിയിരുന്നു.