ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമം ബംഗാളി നടി ശ്രീലേഖ മിത്ര പരസ്യമായി വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിക്കൊണ്ട് സമഗ്രാന്വേഷണം നടത്തണമെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ചലച്ചിത്ര അക്കാദമി പോലുള്ള മഹത്തായ സാംസ്‌കാരിക സ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് രഞ്ജിത്ത് നടത്തിക്കൊണ്ടിരിക്കുന്ന മോശം പ്രവണതകൾക്കെതിരെ മുൻപും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ചലച്ചിത്ര അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് ജൂറി അംഗങ്ങളെയടക്കം ചെയർമാൻ സ്വാധീനിക്കുന്നുവെന്ന അത്യന്തം ഗൗരവകരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തന്നെ എഐവൈഎഫ് രഞ്ജിത്തിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
മികച്ച നടനും സംവിധായകനുമാണ് എന്നത് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലെന്നും എഐവൈഎഫ് തുറന്നടിച്ചു. ചലച്ചിത്ര രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ രാജ്യത്താദ്യമായി ഒരു കമ്മീഷനെ നിയോഗിക്കുന്നത് കേരളത്തിലെ ഇടത്പക്ഷ സർക്കാരാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണവും തുടർ നടപടികളുമാവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
സിനിമ മേഖലയിലെ പ്രശ്ന പരിഹാരങ്ങൾക്കായുള്ള അടിയന്തിര നടപടികൾ ഗവണ്മെന്റ് സ്വീകരിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും ആവശ്യപ്പെട്ടു.