Friday, November 22, 2024
spot_imgspot_img
HomeKeralaനയനയുടെ മരണത്തിലെ ദുരൂഹത; സമഗ്ര അന്വേഷണം നടത്തണം: എഐവൈഎഫ്

നയനയുടെ മരണത്തിലെ ദുരൂഹത; സമഗ്ര അന്വേഷണം നടത്തണം: എഐവൈഎഫ്

‌കരുനാഗപ്പള്ളി: യുവ സംവിധായികയും ആലപ്പാട് സ്വദേശിനിയുമായ നയന സൂര്യന്റെ മരണത്തിലെ ദുരൂഹത ദൂരീകരിക്കാൻ സമഗ്ര അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് എഐവൈഎഫ് രം​ഗത്ത്. എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയാണ് നയനയുടെ മരണത്തിൽ സമ​ഗ്ര അന്വേഷണം നടത്തണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്.

മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് യുവ സംവിധായിക നയന സൂര്യ തിരുവനന്തപുരത്ത് താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്തിയത്. പൊലീസ് നടത്തിയ മൃതദേഹ പരിശോധനയിലെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിലെയും വൈരുധ്യങ്ങളാണ് ദുരൂഹതയ്ക്ക് അടിസ്ഥാനം. കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളുണ്ട്. 31.5 സെന്റീമീറ്റർ വരെ ആഴമുള്ള മുറുവുകളാണ് ഉള്ളത്. ഇടത് അടിവയറ്റിൽ ചവിട്ടേറ്റത് പോലുള്ള ക്ഷതം ഏറ്റതായും, അതിൻമൂലം ആന്തരികാവയവങ്ങളിൽ രക്തസ്രാവം ഉണ്ടായതതായും പാൻക്രിയാസ്, വൃക്ക എന്നീ അവയവങ്ങളിൽ രക്തസ്രാവം ഉണ്ടായതായും പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുള്ളതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയപ്പെടുന്നു.

എന്നാൽ പൊലീസ് നടത്തിയ മൃതദേഹ പരിശോധനയിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം എങ്ങുമെത്താതെ വന്നപ്പോൾ സുഹൃത്തുക്കൾ നൽകിയ പരാതിയെ തുടർന്നാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. പത്തുവർഷത്തോളമായി സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായിക ആയിരുന്നു നയന.

ക്രോസ്സ് റോഡ് എന്ന ആന്തോളജി സിനിമയിൽ പക്ഷികളുടെ മണം എന്ന സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യ ചിത്രങ്ങളും ഒരുക്കിയിട്ടള്ള നയന ആലപ്പാട് അഴീക്കൽ സൂര്യൻ പുരയിടത്തിൽ ദിനേശന്റെയും ഷീലയുടെയും മകളാണ്. ആലപ്പാട് കരിമണൽ ഖനനത്തിന് എതിരെ നടന്ന സേവ് ആലപ്പാട് സമരത്തിലും നയന സജീവമായിരുന്നു. സംവിധായകനും ഗുരുവുമായിരുന്ന ലെനിൻ രാജേന്ദ്രന്റെ മരണത്തിന് ഒരു മാസത്തിന് ശേഷമാണ് നയനയുടെയും മരണം.

വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്ന നയന ആത്മഹത്യ ചെയ്തതാണ് എന്ന രൂപത്തിലാണ് അന്ന് വാർത്തകൾ പ്രചരിച്ചത്. അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസെടുത്തതെങ്കിലും അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തിലാണ് സുഹൃത്തുക്കൾ പരാതി നൽകിയത്.

സിനിമാ മേഖലയിൽ ഏറെ സംഭാവനകൾ നൽകേണ്ടിയിരുന്ന നയന സൂര്യന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് മഹേഷ് ജയരാജ് സെക്രട്ടറി യു കണ്ണൻ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares