ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയ ഗുജറാത്ത് സർക്കാർ നടപടി റദ്ദാക്കിയ സുപ്രീംകോടതിവിധി സ്വാഗതാർഹമെന്ന് എഐവൈഎഫ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് സുപ്രീംകോടിതി വിധി സ്വാഗതംചെയ്തത്. സ്ത്രീ സുരക്ഷയ്ക്ക് പുല്ല് വില കൽപ്പിച്ച് ബിജെപി സർക്കാർ നടത്തിയ അസാധാരണനീക്കം സുപ്രീംകോടതി തള്ളിയിരിക്കുകയാണ്.
ഗുജറാത്ത് കലാപത്തിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ബിൽകിസ് ബാനു. അവരെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും കുട്ടികളെ അടക്കം കുടുംബത്തിലെ സകലരെയും കൊന്നൊടുക്കുകയും ചെയ്ത കൊടും കുറ്റവാളികളായ പ്രതികളെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഗുജറാത്ത് സർക്കാർ വെറുതെ വിട്ടപ്പോൾ ഇന്ത്യൻ മനസാക്ഷി ലജ്ജിച്ചു തല താഴ്ത്തുകയാണ് ചെയ്തത്. ബിൽ കിസ് ബാനുവിനോടും കുടുംബത്തോടും മാപ്പ് പറയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്ത് സർക്കാരും തയ്യാറാകണം എന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.