എസ്എഫ്ഐയുമായി ബന്ധപ്പെട്ട സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം കാലഘട്ടം ആവശ്യപ്പെടുന്ന അഭിപ്രായമാണെന്നും വസ്തുത പരമായ വിമർശനങ്ങളെ ഉൾകൊള്ളുന്നതിന് പകരം മാധ്യമ സൃഷ്ടിയായി വ്യാഖ്യാനിക്കുകയും ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്ത എസ്എഫ്ഐ നിലപാട് അത്യന്തം അപലപനീയമാണെന്നും എഐവൈഎഫ്. എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവാണ് എസ്എഫ്ഐ നിലപാടിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
എസ്എഫ്ഐയും എഐഎസ്എഫും അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകൾ പരസ്പര ഐക്യത്തോടെയും ധാരണയോടെയും പ്രവർത്തിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്തും സംസ്ഥാനത്തും നില നിൽക്കുന്നത്. ജനാധിപത്യ സമ്പ്രദായത്തിൽ പ്രവർത്തിക്കേണ്ട ജനതയെ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് സജ്ജമാക്കുക എന്ന കാഴ്ചപ്പാടിൽ നിന്ന് വ്യതിചലിച്ച് ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ മറവിൽ എസ്എഫ്ഐയുടെ ലേബലിൽ ചില കലാലയങ്ങളിൽ അരങ്ങേറുന്നതിനെ ഗൗരവ പൂർവ്വം നോക്കിക്കണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്താനാണ് എസ്എഫ്ഐ നേതൃത്വം ശ്രമിക്കേണ്ടതെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.
വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ ഉൾപ്പെടെ ചില ക്രിമിനലുകൾ നടത്തിയ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ഇടതുപക്ഷത്തിനു തന്നെ കളങ്കമാകുന്ന സ്ഥിതിയുണ്ടാക്കി. ഇടതു വിരുദ്ധർക്കും മാധ്യമങ്ങൾക്കും ഇടതുപക്ഷത്തെ ആക്രമിക്കുവാനുള്ള ആയുധം നൽകുന്ന പ്രവർത്തിയാണ് എസ് എഫ് ഐ യുടെ പേര് ഉപയോഗിച്ചു കൊണ്ട് ചില ക്രിമിനലുകൾ പലപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തം പ്രസ്ഥാനത്തെ ഇത്തരക്കാർക്ക് താവളമാക്കുവാനുള്ള അവസരം നൽകാതെ അകറ്റി നിർത്തുവാനും തിരുത്തുവാനുമാണ് എസ് എഫ് ഐ തയ്യാറാകേണ്ടത്.
വിദ്യാർത്ഥി സംഘടനകളെ സംബന്ധിച്ച വിഷയങ്ങൾ മുന്നണി യോഗങ്ങളിൽ പറയുക മാത്രമല്ല മുൻ കാല വിദ്യാർത്ഥി നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്വം കൂടിയാണ് ബിനോയ് വിശ്വം നിർവഹിച്ചതെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.