കാസര്‍കോട്: പുതുതായി അനുവദിച്ച വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിന്‍ മംഗലാപുരം വരെ നീട്ടണമെന്ന് എഐവൈഎഫ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിലവില്‍ തിരുവനന്തപുരത്തു നിന്ന് സര്‍വ്വീസ് ആരംഭിച്ച് കണ്ണൂരില്‍ സര്‍വ്വീസ് നിര്‍ത്താനാണ് തീരുമാനം. ഇത് ഉപേക്ഷിച്ച് വന്ദേഭാരത് എക്‌സ്‌പ്രസ് മംഗലാപുരം വരെ നീട്ടി ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിക്കും റെയില്‍വേ സതേണ്‍ മാനേജര്‍ക്കും അയച്ച നിവേദത്തിലൂടെ എഐവൈഎഫ് ആവശ്യപ്പെട്ടു.
നിലവില്‍ സംസ്ഥാനത്ത് ഓടുന്ന പല ട്രെയിനുകളും യാത്ര തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും കണ്ണൂരിലാണ്. പരശുറാം എക്‌സ്‌പ്രസ്, ഏറനാട് എക്‌സ്‌പ്രസ്, മംഗളൂരു-തിരുവനന്തപുരം, മലബാര്‍, മാവേലി എക്‌സ്‌പ്രസ് ട്രെയിനുകളാണു മംഗലാപുരം വരെ സർവീസ് നടത്തുന്നത്. അത്യാവശ്യ യാത്രയ്‌ക്കായി തിരുവനന്തപുരം, കൊല്ലം ഉള്‍പ്പെടെയുള്ള തെക്കന്‍ ഭാഗത്തെ വിവിധ ജില്ലകളില്‍ പോകുന്നതിനായി റിസര്‍വേഷന്‍ കിട്ടാത്തതിനാല്‍ ജനറല്‍ ടിക്കറ്റെടുത്ത് പോവുകയാണു പതിവ്. തിരുവനന്തപുരം ആര്‍സിസി, സെക്രട്ടേറിയറ്റ്, വിവിധ വകുപ്പുകളുടെ ആസ്ഥാനമന്ദിരം ഉള്‍പ്പെടെ തിരുവനന്തപുരത്ത് ആയതിനാല്‍ ഇവിടെ നിന്നുള്ള യാത്രക്കാര്‍ ഏറെയാണ്.
ഇതിനു പുറമേ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഏറെയും തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. അതിനാല്‍ വന്ദേഭാരത് ട്രെയിനില്‍ കാസര്‍കോട് നിന്നുള്ള യാത്രക്കാര്‍ക്ക് ആശ്വാസകരമാവും. ദക്ഷിണകന്നഡ ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരും ഈ ട്രെയിനിനെ ആശ്രയിക്കും. അതുകൊണ്ടുതന്നെ ട്രെയിനിനു കാസര്‍കോട് സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിച്ച് മംഗളൂരു വരെ നീട്ടണമെന്ന് എഐവൈ എഫ് ആവശ്യപ്പെട്ടു.