കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ഡോക്ടർമാരുടെ തസ്തികകളിൽ സ്ഥിരം നിയമനം നടത്തണമെന്ന് എഐവൈഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇവിടത്തെ അത്യാഹിതവിഭാഗം, ഓങ്കോളജി, ന്യൂറോ സർജറി, ഗ്യാസ്‌ട്രോ, യൂറോളജി, കാർഡിയോ തൊറാസിക് വാസ്‌കുലാർ സർജറി എന്നീ വിഭാഗങ്ങളിൽ മാസങ്ങളായി സ്ഥിരംഡോക്ടർമാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. രോഗികൾക്ക് ഭീമമായ തുകമുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സൂപ്പർ സ്‌പെഷ്യാലിറ്റി ഗണത്തിലാണ് ജനറൽ ആശുപത്രി പ്രവർത്തിക്കുന്നത്. സർക്കാർ അടിസ്ഥാനസൗകര്യ വികസനത്തിൽ വൻ പദ്ധതികൾ നടപ്പിലാക്കിയ ആശുപത്രിയാണെങ്കിലും ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും കുറവുമൂലം സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ പ്രയാസം നേരിട്ടിരിക്കുകയാണെന്നും എ.ഐ.വൈ.എഫ് കുറ്റപ്പെടുത്തി.
ഒഴിവുകൾ നികത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്നും എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, പ്രസിഡന്റ് പി.കെ. രാജേഷ് എന്നിവർ പറഞ്ഞു.