ചെറുപ്പക്കാരുടെ തൊഴിൽ പ്രതീക്ഷയ്ക്കൊത്ത് പിഎസ്‌സിയും സർക്കാരും പ്രവർത്തിക്കുന്നില്ല എന്ന് എഐവൈഎഫ് രംഗത്ത്. എഐവൈഎഫ് സംസ്ഥാന ശിൽപശാലയിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് പിഎസ്‌സിക്കെതിരെയും സർക്കാരിനെതിരെയും എഐവൈഎഫ് രംഗത്തെത്തിയത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പിഎസ്‌സി നിയമനങ്ങൾ നടക്കുന്ന സംസ്ഥാനം കേരളമാണ്. ഇന്ത്യയിൽ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന സംസ്ഥാനവും കേരളമാണ് എന്നത് കൂടി ചേർത്ത് വായിക്കേണ്ടതുണ്ട്.
ഒരു തസ്തികയ്ക്ക് ആവശ്യമായ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ വലിയ പ്രതീക്ഷയോടെയാണ് ഉദ്യോഗർത്ഥികൾ അതിനെ കാണുന്നത്. എന്നാൽ ലിസ്റ്റിൽ ഉൾപ്പെട്ടെ 50 ശതമാനം ആളുകൾക്ക് പോലും നിയമനം നൽകാൻ സാധിക്കുന്നില്ലെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. വിവിധ വകുപ്പുകളിൽ നിരവധിയായ തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴും അത് സമയ ബന്ധിതമായി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾ തയ്യാറാകുന്നില്ല. പിഎസ്‌സി ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമ്പോഴും വകുപ്പുകളിൽ അതേ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്ന നില സംസ്ഥാനത്തുണ്ട്.
അതുകൊണ്ട് തന്നെ ഒഴിവ് വരുന്ന തസ്തികകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് മേധാവികൾക്കെതിരെ നടപടി സ്വീകരിക്കുകയും പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ ഭൂരിപക്ഷ ശതമാനം നിയമനം നടത്തുന്നതിനും ആവശ്യമായ നടപടി സർക്കാർ സ്വീകരിച്ച് കേരളത്തിലെ പിഎസ്‌സി. നിയമനങ്ങൾ ത്വരിതപെടുത്തണമെന്ന് എഐവൈഎഫ് പ്രമേയം പാസാക്കി.