2024 ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിർണായകമായ വർഷമാണ്. നമ്മൾ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനായുള്ള പോരാട്ടത്തിന്റെ നിർണായകമായ ഘട്ടത്തിലാണ് നമ്മളിപ്പോളുള്ളത്. രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ സംഘപരിവാർ തീവ്രമാക്കുമ്പോൾ, ജാഗ്രതയോടെ അതിനെ ചെറുക്കാൻ ജനങ്ങളെ തയ്യാറാക്കേണ്ടത് ഇടത് പുരോഗമന സംഘടനകളുടെ കടമയാണ്.
പട്ടിണിയും തൊഴിലില്ലായ്മയും അസമത്വവും നടമാടുന്ന ഇക്കാലത്ത്, കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന നരേന്ദ്ര മോദിയേയും ബിജെപിയേയും അധികാരത്തിന് പുറത്താക്കാൻ ജനാധിപത്യപരമായ എല്ലാ പ്രചാരണങ്ങളും നടത്തണം. സംഘപരിവാറിന് എതിരെ ശക്തമായ ജനകീയ ബദൽ രൂപപ്പെടണം. നമ്മുടെ രാജ്യത്തിനായി പോരാടാൻ നമ്മൾ മാത്രമേയുള്ളുവെന്ന ബോധം ഓരോ എഐവൈഎഫ് പ്രവർത്തകർക്കുമുണ്ടാകണം.
മതംകൊണ്ടു കളിക്കുന്ന തീവ്രവാദികളോട് നമ്മൾ മനുഷ്യത്വം കൊണ്ടാണ് പോരാടാൻ പോകുന്നത്. ഇടതു നിലപാടുകൾ ഉയർത്തിപ്പിടിച്ച്, ജനാധിപത്യത്തിന്റെ സംരക്ഷകരായി നമ്മൾ നിലകൊള്ളണം. അരികുവത്കരിക്കപ്പെട്ടവർക്കും നിർധനർക്കും സ്ത്രീകൾക്കും പരിസ്ഥിതിക്കും വേണ്ടി വലിയ പ്രക്ഷോഭങ്ങളുടെ തുടർച്ച വരും നാളുകളിലുമുണ്ടാകും. തോറ്റുകൊടുക്കാൻ നമ്മൾ തയ്യാറല്ല. ഇന്ത്യൻ ജനാധിപത്യ മതേതര ചേരിക്ക് ശക്തിപകരാൻ കൂടുതൽ കരുത്തോടെ നമുക്ക് മുന്നേറാം. എല്ലാ ജനാധിപത്യ വിശ്വാസികൾക്കും എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ പുതുവത്സരാശംസകൾ.