തിരുവനന്തപുരം: കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം നടത്തിയ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ രാജി സ്വാഗതാര്‍ഹമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിലൂടെ പറഞ്ഞു.ശങ്കർ മോഹനെതിരെ എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പറഞ്ഞു.
ശങ്കർ മോഹനെതിരെ ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർഥികൾ നടത്തുന്ന സമരം 48 ദിവസത്തിലേക്കു കടന്നിരിക്കെയാണ് രാജി. ശങ്കർ മോഹൻ എതിരെ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് എഐവൈഎഫ് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമെന്നോണം, എഐവൈഎഫ് പ്രതിഷേധ പ്രകടനവുമായി രംഗത്ത് വന്നിരുന്നു. ശങ്കർ മോഹനെ സ്ഥാനത്തു നിന്ന് മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും നേരത്തെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനും എഐവൈഎഫ് പരാതി നൽകിയിരുന്നു.
ജാതി വിവേചനത്തിനെതിരെ സർക്കാർ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് എഐവൈഎഫും എഐഎസ്എഫും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാൻ ഒരുങ്ങുന്ന വേളയിലാണ് രാജി. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ സർക്കാരിന് കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ഡയറക്ടറുടെ രാജി.