തിരുവനന്തപുരം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുെമെതിരെ കർശന നിയമം പാസാക്കുക എന്ന ലക്ഷ്യത്തോടെ എഐവൈഎഫ് ജാഗ്രതാ സദസ് സംഘടിപ്പിക്കും. നവോത്ഥാന നാടിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി വിവിധ ജില്ലാ കേന്ദ്രങ്ങളിലായി ഒക്ടോബർ 15 ശനിയാഴ്ച സദസ് സംഘടിപ്പിക്കുമെന്നാണ് എഐവൈഎഫ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. പത്തനംത്തിട്ട ഇലന്തൂരിൽ രണ്ട് സ്ത്രീകളെ ദുരാചാരത്തിന്റെ പേരിൽ നരബലിക്കിരയാക്കിയ സംഭവം ഇനി സാക്ഷര കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സദസ് സംഘടിപ്പിക്കുന്നത്.
കേരളത്തിൽ രണ്ട് സ്ത്രീകൾ നരബലിക്ക് ഇരകളായി എന്ന വാർത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും രംഗത്തെത്തിയിരുന്നു. ഒരു പുരോഗമന സമൂഹത്തിൽ ഇപ്പോഴും ഇത്തരത്തിലുള്ള പ്രാകൃത പ്രവർത്തികൾ നിലനിൽക്കുന്നു എന്നത് അങ്ങേയറ്റം ഭയപ്പെടുത്തുന്നതും അപമാനകരവുമാണെന്ന് അവർ പ്രസ്താവന നടത്തി.
ഇത്തരം പ്രാകൃത ചിന്തകൾ കൊണ്ടു നടക്കുന്ന വ്യക്തികളുടെ ചതി കുഴികളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു ആഭിചാര കർമ്മത്തിലൂടെയും ആർക്കും സാമ്പത്തിക നേട്ടമുണ്ടാകില്ല എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. മനുഷ്യരുടെ ദുർബലമായ മനസിനെ തെറ്റിദ്ധരിപ്പിച്ചു കുറ്റകൃത്യങ്ങൾ ചെയ്തു കൂട്ടുന്ന വ്യാജ സിദ്ധന്മാരെയും ആൾ ദൈവങ്ങളെയും വെളിച്ചത്തു കൊണ്ടുവന്നു തക്കതായ ശിക്ഷ ഉറപ്പാക്കാൻ പൊലീസ് സംവിധാനങ്ങൾ കൂടുതൽ സൂക്ഷ്മതയോടെ ഇടപെടണം എന്നും എഐവൈഎഫ് സംസ്ഥാന നേതൃത്വം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.