തൃശൂർ: കക്കുകളി എന്ന നാടകത്തിനെതിരെ ഉയരുന്ന അനാവശ്യ വിവാദങ്ങളിൽ നിന്നും കത്തോലിക്കാ സഭ പിൻമാറണമെന്നാവശ്യപ്പെട്ട് എഐവൈഎഎഫ് രംഗത്ത്. ഗുരുവായൂർ നഗരസഭയുടെ സർഗ്ഗോത്സവം പരിപാടിയുടെ ഭാഗമായി അരങ്ങേറിയ കക്കുകളി എന്ന നാടകത്തിനെതിരെ കത്തോലിക്കാ സഭയുടെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുണ്ടായ അനാവശ്യ വിവാദങ്ങൾ നമ്മുടെ നാട്ടിൽ വർഗ്ഗീയ ധ്രുവീകരണത്തിന് മാത്രമേ ഉപകരിക്കൂ. ഇത്തരം നീക്കങ്ങളിൽ നിന്ന് സഭാ നേതൃത്വം പിൻമാറണമെന്ന് എഐവൈഎഫ് തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഫ്രാൻസിസ് നൊറോണയുടെ കഥയെ അടിസ്ഥാനമാക്കി കെ ബി അജയകുമാർ രചനയും, ജോബ് മഠത്തിൽ സംവിധാനവും നിർവ്വഹിച്ച കക്കുകളി അവതരണ മികവുകൊണ്ട് അന്താരാഷ്ട്ര നാടകോത്സവത്തിൽ ഉൾപ്പെടെ പ്രശംസ പിടിച്ചുപറ്റിയ നാടകമാണ്. നാടക പ്രവർത്തകരുടെ ആത്മവിശ്വാസത്തെയും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നീക്കങ്ങൾ നാടിന് ഭൂഷണല്ല.
നാടകം ഉൾപ്പടെയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളാണ് കേരളത്തിൽ നവോത്ഥാന മുന്നേറ്റങ്ങൾക്ക് അഗ്നി പകർന്നത്. ആ പഴയ ചരിത്രം മറന്നുകൊണ്ടുള്ള അനാവശ്യ വിവാദങ്ങൾ ആർക്കും ഗുണകരമാകില്ല. നെയ്തൽ നാടക സംഘം കക്കുകളി നാടകം അവതരിപ്പിക്കാൻ തയ്യാറാണെങ്കിൽ തൃശൂരിൽ വേദിയൊരുക്കുമെന്ന് എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് ബിനോയ് ഷബീർ, സെക്രട്ടറി പ്രസാദ് പറേരി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.