കരുളായി: മയക്കുമരുന്നുകൾക്കെതിരെ എഐവൈഎഫ് നിലമ്പൂർ മണ്ഡലം കമ്മിറ്റി നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ആർട്ട് വാൾ സാംസ്കാരിക സാമൂഹിക പ്രവർത്തകരും, വിദ്യാർത്ഥികളും, അധ്യാപകരും, ഏറ്റെടുത്തു. ഒരു മാസം നീണ്ടുനിൽക്കുന്ന ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി “ലഹരിയോടല്ല കൂട്ട് ജീവിതത്തോടാണ് കൂട്ട് ” എന്ന പ്രമേയത്തിലാണ് കരുളായി കെ എം ഹയർസെക്കൻഡറി സ്കൂളിന് മുൻവശം ആർട്ട് വാൾ സ്ഥാപിക്കുകയും ലഘുലേഖ വിതരണവും ലഹരി വിരുദ്ധ ബോധവൽക്കരണവും സംഘടിപ്പിച്ചത്.
നിലമ്പൂർ മണ്ഡലത്തിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കൊണ്ട് പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങൾക്ക് മുന്നിലും നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കരുളായി മേഖല കമ്മിറ്റി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി പ്രമുഖ പരിസ്ഥിതി സാമൂഹിക പ്രവർത്തകൻ പി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് നിലമ്പൂർ മണ്ഡലം പ്രസിഡണ്ട് ആർ ജയകൃഷ്ണൻ എടക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ കരുളായി ഗ്രാമപഞ്ചായത്ത് അംഗം ലീലാമ്മ വർഗീസ്,സിപിഐ കരുളായി ലോക്കൽ സെക്രട്ടറി ഫാത്തിമ സലീം, യുവകലാസാഹിതി കരുളായി യൂണിറ്റ് സെക്രട്ടറി അമ്പിളിവർമ്മ, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം രാജീവ് പെരുമ്പ്രാൽ, പി അബ്ദുൽ മജീദ്, ഷുഹൈബ് മൈലമ്പാറ, അച്യുതമേനോൻ സ്മാരക സമിതി കൺവീനർ റഹ്മാൻ മുണ്ടോടൻ എന്നിവർ പ്രസംഗിച്ചു.
കെ എം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ.ലാജി ടീച്ചർ, അദ്ധ്യാപകൻ അനിൽ കുമാർ, ടി കെ. നിസാർ, യുവ സാഹിത്യകാരൻമാരായ മുഹാജിർ കരുളായി,മുജീബ് റഹ്മാൻ കരുളായി,ജിനേഷ് മാധവ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. എഐവൈഎഫ് കരുളായി മേഖലാ സെക്രട്ടറി ഇയ്യാസ് പനോളി സ്വാഗതവും അഖിൽ വേലായുധൻ നന്ദിയും പറഞ്ഞു.