മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷി ദിനത്തിൽ ഡെമോക്രാറ്റിക് സ്ട്രീറ്റുമായി എഐവൈഎഫ്. ജനുവരി 30,31 തിയതികളിൽ സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിലെല്ലാം ഡെമോക്രാറ്റിക് സ്ട്രീറ്റ് സംഘടിപ്പിക്കും. രാഷ്ട്രപിതാവിന്റെ ഘാതകരുടെ പിൻ തലമുറക്കാർ രാജ്യം ഭരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ആ വീരമൃത്യുവിനെ നിസാരവത്കരിക്കുകയും മഹാത്മഗാന്ധിയുടെ ഘാതകനായ ഗോഡ്സയെ വീരനായകനായി ഉയർത്തിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങളാണ് ബിജെപി സർക്കാർ നടപ്പിലാക്കിവരുന്നത്.
പാഠപുസ്തകങ്ങളിൽ നിന്നടക്കം പ്രമുഖരായ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ നീക്കം ചെയ്തു. അതിനു പകരം എഴുതിച്ചേർക്കെപ്പെട്ടത് രാജ്യത്തെ ഒറ്റുകൊടുത്തിരുന്ന, മാപ്പിരന്ന് ബ്രിട്ടീഷ്കാർക്ക് ഒത്താശ ചെയ്ത പല ആർഎസ്എസ് സംഘപരിവാർ നേതാക്കളുടെയും പേരുകളാണ്.
മഹാത്മാ ഗാന്ധിയുടെ പേര് കേട്ടാൽ വിറളി പിടിക്കുന്ന സംഘ പരിവാർ, ഗാന്ധിക്ക് പകരം സവർക്കറെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിലാണ്. എത്ര സവർക്കർമാർ ഒന്നിച്ചു അണി നിരന്നാലും ഗാന്ധിയുടെ തട്ട് താഴ്ന്നു തന്നെയിരിക്കും. കാരണം, ഇന്ത്യയുടെ മനസ്സിൽ ഗാന്ധി തന്നെയാണ് ഇപ്പോഴും നേതാവ്.
ഗാന്ധിയെ സംഘ പരിവാർ വെടിവെച്ചു കൊന്നതിന്റെ, കൊന്നിട്ടും തീരാത്ത പകയുടെ ചരിത്രം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുക എന്നത് എഐവൈഎഫിന്റെ കർത്തവ്യമാണ്. അതുകൊണ്ടാണ് ഓരോ ഗാന്ധി രക്തസാക്ഷി ദിനത്തിലും വിവിധ ജനാധിപത്യ കാമ്പയിനുകൾ സംഘടന സംഘടിപ്പിച്ചു വരുന്നത്. മതമല്ല, ഗാന്ധി ഉയർത്തി കാട്ടിയ മാനവിക മൂല്യങ്ങളിൽ ഊന്നിയുള്ള ഭരണമാണ് വേണ്ടത്. ബിജെപിയുടെ രാമരാജ്യമല്ല, ഗാന്ധിയുടെ ഇന്ത്യയാണ് നമുക്ക് വേണ്ടത്. അതിനു വേണ്ടി പോരാട്ടങ്ങൾ തുടർന്ന് കൊണ്ടേയിരിക്കണം.