ഇന്ത്യയുടെ മതേതരത്വ മൂല്യങ്ങൾ തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ സംരക്ഷണ സംഗമം സംഘടിപ്പിക്കാനൊരുങ്ങി എഐവൈഎഫ്. രാജ്യത്തെ മതരാഷ്ട്രമായി മാറ്റാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് ഒരോ ഇന്ത്യൻ പൗരന്റെയും കടമായി മാറികഴിഞ്ഞിരിക്കുന്നു.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസമായ ജനുവരി 22 ന് എഐവൈഎഫ് സംസ്ഥാന വ്യാപകമായി ഇന്ത്യ സംരക്ഷണ സംഗമം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി യൂണിറ്റ് അടിസ്ഥാനത്തിൽ ദേശസംരക്ഷണ പ്രതിജ്ഞ എടുക്കുമെന്നും എഐവൈഎഫ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
നിലനിന്നിരുന്ന ആരാധനാലയങ്ങൾ പൊളിച്ചു മാറ്റിയല്ല മറ്റ് ആരാധനാലയങ്ങൾ പണിയേണ്ടത്. അയോധ്യയുടെ മറവിൽ രാജ്യത്ത് വർഗ്ഗീയ കലാപങ്ങൾ അഴിച്ചുവിടാനും വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രചാരണം നടത്താനുമാണ് ബിജെപി സംഘപരിവാർ ചേരികൾ ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാനുള്ള ജാഗ്രത മതേതര സമൂഹം പുലർത്തണം. ആർഎസ്എസിന്റെ വർഗ്ഗീയ പ്രചാരണങ്ങൾ തുറന്നുകാട്ടിക്കൊണ്ട് എഐവൈഎഫ് സംഘടിപ്പിക്കുന്ന ഇന്ത്യ സംരക്ഷണ സംഗമം എന്ന ക്യാമ്പയിനിൽ എല്ലാ മതേതര വിശ്വാസികളും അണചേരണമെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്തു. രാജ്യത്തെ ഭരണഘടനയിൽ അധിഷ്ടിതമായ പൗരന്റെ അവകാശങ്ങളെ സംരക്ഷിക്കാൻ വേണ്ടി സുദീർഘമായ പോരാട്ടങ്ങൾ സംഘടിപ്പികേണ്ടതുണ്ടെന്ന് എഐവൈഎഫ് ആഹ്വാനം ചെയ്തു.