മലപ്പുറം: അന്ധവിശ്വാസത്തിനും അനാചാരത്തിനും ലഹരിക്കുമെതിരെ ശക്തമായ പ്രതികരണങ്ങൾ സമൂഹത്തിലുയർത്തിക്കൊണ്ടുവരുന്നതിന്റെ ഭഗമായി ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ച് എഐവൈഎഫ്. എഐവൈഎഫ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടപ്പടിയിൽ ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ ഷഫീർ കിഴിശ്ശേരി ജന ജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്തു. ജിനേഷ് അധ്യക്ഷനായ ചടങ്ങിൽ ഇ സൈതലവി, വി വിജയൻ, കെ പി ബാലകൃഷ്ണൻ, റുബീന വള്ളിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. അനിൽകുമാർ സ്വാഗതവും വിജീഷ് കൊടക്കാട് നന്ദിയും പറഞ്ഞു.
നവോത്ഥാന നാടിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ ജില്ലാ കേന്ദ്രങ്ങളിലായി സദസ് സംഘടിപ്പിക്കുമെന്ന എഐവൈഎഫ് സംസ്ഥാന നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. പത്തനംത്തിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ ദുരാചാരത്തിന്റെ പേരില്‍ നരബലിക്കിരയാക്കിയ സംഭവം ഇനി സാക്ഷര കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ജന ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുന്നത്.