കേരളത്തിൽ വർഗീയ കലാപമുണ്ടാക്കുവാൻ ശ്രമിക്കുന്ന സംഘപരിവാർ- ഇടതു വിരുദ്ധ ശക്തികൾക്കെതിരെ ജനജാഗ്രതാ സദസുമായി എഐവൈഎഫ്. ഇന്ന് വൈകിട്ട് നാലുമണിക്ക് സൗത്ത് കളമശ്ശേരിയിൽ സംഘടിപ്പിക്കുന്ന പരിപാടി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്യും.
കളമശ്ശേരി സ്ഫോടനത്തെ മറയാക്കി കേരളത്തിൽ കാലാപങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആർഎസ്എസ് സംഘപരിവാർ ശക്തികളെ കേരള ജനതയ്ക്ക് മുന്നിൽ തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് സദസ് സംഘടിപ്പിക്കുന്നത്. സ്ഫോടനം നടന്ന് മിനിറ്റുകൾക്കുള്ളിൽ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു വിഭാഗം മതസ്ഥരുടെ നെറുകയിൽ കെട്ടിവയയ്ക്കാനാണ് സംഘപരിവാർ- ഇടത് വിരുദ്ധ ശക്തികൾ ശ്രമിച്ചത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നമ്മുടെ കേരളത്തിൽ, വർഗീയ ആക്രമണങ്ങളും സംഘർഷങ്ങളും കേട്ടു കേൾവിയില്ലാത്തതാണ്. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ വലിയ തോതിലുള്ള ആശങ്കകൾ സൃഷ്ടിക്കുമെന്ന് എഐവൈഎഫ് വ്യക്തമാക്കി. വിദ്വേഷ പ്രചരണം നടത്തുന്നവരെ തിരിച്ചറിയണം. അത്തരം പ്രചാരണങ്ങളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണം. കേരളത്തിന്റെ ഐക്യവും സമാധാന അന്തരീക്ഷവും കാത്തു സൂക്ഷിക്കാൻ ജനാധിപത്യ, മതേതര വിശ്വാസികൾ ഒരുമിച്ചു നിൽക്കണമെന്നും എഐവൈഎഫ് ആഹ്വാനം ചെയ്തു.