എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രതിഭകൾക്കായൊരു കൂട്ടായ്മ ഒരുങ്ങുന്നു. നവ ജീവൻ കൾചറൽ ഫോറം എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ രൂപീകരണ സമ്മേളനം ജൂൺ 15ന് തിരുവനന്തപുരം തമ്പാനൂർ ടി വി സ്മാരക ഹാളിൽ നടക്കും. സമ്മേളനം റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.
സമൂഹവുമായും മനുഷ്യനുമായും എല്ലാ കാലത്തും സംവദിക്കുന്ന സർഗാത്മക ആവിഷ്കാരമാണ് കല. കേരളീയ സംസ്കാരത്തിന്റെ നവോത്ഥാന കുതിപ്പിൽ കലകളും സംസ്കാരവും നിർവഹിച്ച അനിഷേധ്യമായ പങ്ക് ഒരിക്കലും വിസ്മരിക്കാനാവുന്നതല്ല. അത്തരത്തിൽ യുവത്വത്തെ സാമൂഹ്യ മാറ്റത്തിനുള്ള ചാലക ശക്തിയാക്കി പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഇപ്രകാരം ഒരു ഉദ്യമത്തിന് എഐവൈഎഫ് തയ്യാറെടുക്കുന്നത്.