തിരുവനന്തപുരം: രാജ്ഭവനെ ആർഎസ്എസ് ശാഖയാക്കിമാറ്റാനൊരുങ്ങുന്ന കേരള ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടികളിൽ പ്രതിഷേധം ശക്തമാക്കി എഐവൈഎഫ്. പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയെന്ന് പറഞ്ഞ് ആർഎസ്എസിന്റെ പ്രതീകമായ ചിത്രം സ്ഥാപിച്ചത് വലിയ വിവാദമാണ് സംസ്ഥാനത്ത് സൃഷിടിച്ചത്.
ഒരു ഭരണഘടന പദവിയിലിരിക്കെ ആർഎസ്എസ് രാഷ്ട്രീയം കളിക്കുന്ന രാജേന്ദ്ര അർലേക്കർ ആ പദവിക്ക് ചേർന്നയാളല്ലെന്നും അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ട് എഐവൈഎഫ് ജൂൺ 10 ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് 3 മണിക്ക് മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്തു നിന്നും മാർച്ച് ആരംഭിക്കും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്മോൻ അടക്കമുള്ള സംസ്ഥാന, ജില്ലാ നേതാക്കൾ മാർച്ചിന്റെ ഭാഗമാകും.