പുനലൂർ: വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന കരവാളൂർ പഞ്ചായത്തിലെ കിഴക്കൻ മേഖല നിവാസികളുടെ ദുരിതത്തിൽ ഇടപെട്ട് എഐവൈഎഫ്. കരവാളൂർ, പൂക്കുഴിഞ്ഞി, കുണ്ടുമൺ ചൂട്ടൽ, കല്ലുവിള, 4 സെന്റ്, ഉണ്ണികുന്ന്, നീലാമ്മാൾ പ്രദേശങ്ങളിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെ വീടുകളിലും ഇപ്പോൾ നേരിടുന്ന കുടിവെള്ള ക്ഷാമത്തിനു പരിഹാരം ഉണ്ടാകണം എന്നാവശ്യപ്പെട്ടാണ് എഐവൈഎഫ് കരവാളൂർ മേഖല കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്.
കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് തയ്യാറെടുക്കുമെന്ന് എഐവൈഎഫ് കരവാളൂർ പഞ്ചായത്ത് മേഖലാ ഭാരവാഹികളായ ബിനു അലക്സ്, അജിത്ത്, പ്രശാന്ത്, തോമസ് എബ്രഹാം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
കരവാളൂർ, പൂക്കുഴിഞ്ഞി, കുണ്ടുമൺ ചൂട്ടൽ, കല്ലുവിള, 4 സെന്റ്, ഉണ്ണികുന്ന്, നീലാമ്മാൾ പ്രദേശങ്ങളിലെ ഭാഗത്താണ് ജലക്ഷാമം അതി രൂക്ഷമായിട്ടുള്ളത്. കരവാളൂരിന്റെ പടിഞ്ഞാറൻ മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല വെഞ്ചേമ്പ്, അയണിക്കോഡ്, തേവിയോട്, നരിക്കൽ പ്രദേശങ്ങളിലും കുടി വെള്ളക്ഷാമം രൂക്ഷമാണ്. വർഷങ്ങളായി വേനൽ ആരംഭത്തിൽ തന്നെ കുടിവെള്ളപ്രശ്നം രൂക്ഷമായി നിലനിൽക്കുന്ന പ്രദേശങ്ങളാണ് ഇവ. മാർച്ച് മാസത്തിലെ കഠിന ചൂട് എത്തിയതോടെ പ്രദേശത്തെ ഒട്ടുമിക്ക കിണറുകളും വറ്റി. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ യാതൊരു നടപടികളും ഉണ്ടാകുന്നില്ല.
പഞ്ചായത്തിലെ 9,10 വാർഡുകളിലൂടെ കെഐപി കനാൽ കടന്നുപോകുന്നെങ്കിലും വളരെ കുറച്ചു പേർക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുന്നുള്ളു. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ. ദിവസവും പണം കൊടുത്ത് ടാങ്കറിൽ വെള്ളം മേടിച്ചാണ് ജനജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ല. കരവാളൂർ പഞ്ചാ യത്തിലെ 9,10,11 വാർഡുകളി ലും, പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ ബന്ധിപ്പിക്കാൻ അവശ്യമായ നടപടികൾ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല, പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശത്തും ഇതിന്റെ പ്രയോജനം ലഭ്യമായിട്ടില്ല. ജല ജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ എത്തിയ വീടുകളിലും വെള്ളം ഇപ്പോഴും കിട്ടാക്കനിയാണ്. നേരത്തെ ആഴ്ചയിലൊരിക്കലെങ്കിലും വെള്ളം വന്നിരുന്നത് ഇപ്പോൾ പൂർണമായി നിലച്ച അവസ്ഥയിലാണ്. കുടിവെള്ളക്ഷാമം രൂക്ഷ മായി നിൽക്കുന്ന പ്രദേശങ്ങളിൽ കരവാളൂർ പഞ്ചായത്ത് അധികൃ തർ ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ തയ്യാറാവാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.