ചേലക്കര: ചേലക്കരയിലെ രാത്രികാല യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്ന് എഐവൈഎഫ് ചേലക്കര മണ്ഡലം ശില്പശാല പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാവിലെ 5:25 നാണ് ചേലക്കരയിൽ നിന്ന് തൃശൂരിലേക്ക് ആദ്യ ബസ് സർവീസ് ആരംഭിക്കുന്നത് ഗുരുവായൂരിലേക്ക് 6:50 നും ഒറ്റപ്പാലത്തേക്ക് 6:30 നും ഷൊർണൂരിലേക്കും, തിരുവില്വാമലയിലേക്കും ആറിനുമാണ് കെഎസ്ആർടിസി യുടെ ആദ്യ സർവീസ്. രാത്രി 8 മണി കഴിഞ്ഞാൽ ചേലക്കരയിൽ നിന്ന് തൃശൂരിലേക്ക് ബസില്ല. തൃശൂരിൽ നിന്ന് കെഎസ്ആർടിസി രാത്രി സർവീസ് നടത്തുന്നുണ്ടെങ്കിലും സമയത്തിൽ കൃത്യതയില്ല.
യാത്രക്കാർക്ക് അവസാന ബസ് കിട്ടിയില്ലെങ്കിൽ പിന്നെ വലിയ തുക നൽകി ഓട്ടോറിക്ഷ വിളിക്കണം. കെഎസ്ആർടിസി ഡിപ്പോ വന്നാൽ ചേലക്കരയിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ യാത്ര ദുരിതത്തിന് പരിഹാരമാകുമെന്ന് എഐവൈഎഫ് ചേലക്കര മണ്ഡലം ശില്പശാല പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. പിഎൻ. സ്മാരക മന്ദിരത്തിൽ വെച്ച് നടന്ന യോഗത്തിൽ എഐവൈഎഫ് ചേലക്കര മണ്ഡലം പ്രസിഡന്റ് പി ആർ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വികെ പ്രവീൺ പ്രവർത്തന പരിപാടി അവതരിപ്പിച്ചു.
സിപിഐ ജില്ല കൗൺസിൽ അംഗം അരുൺ കാളിയത്ത്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ടിപി. സുനിൽ,ജില്ല എക്സിക്യൂട്ടീവ് അംഗം കെ എസ് ദിനേഷ്,സിപിഐ ചേലക്കര മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി എം ഷറഫുദീൻ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ എസ് അഭിറാം തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.