തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കും യുവജന വഞ്ചനയ്ക്കും എതിരെ സംസ്ഥാനത്തെ 14 ജില്ലയിലും എഐവൈഎഫ് യൂത്ത് അലേര്‍ട്ട് സംഘടിപ്പിച്ചു. ഇന്ത്യാ മഹാരാജ്യത്തെ 135 കോടി ജനങ്ങളില്‍ 60 ശതമാനവും 40 വയസ്സില്‍ താഴെയുള്ള യുവത്വമാണ്. കേന്ദ്രസര്‍ക്കാരിന്റെ യുവജനദ്രോഹനയങ്ങളില്‍പ്പെട്ട് തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സമ്പൂര്‍ണ്ണ സ്വകാര്യവത്ക്കരണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുക,ഭഗത്സിംഗ് നാഷണല്‍ എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ട് നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എഐവൈഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും യൂത്ത് അലേര്‍ട്ട് സംഘടിപ്പിച്ചത്.
തിരുവനന്തപുരത്ത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരനും കോട്ടയത്ത് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സ:ജോണ്‍ വി ജോസഫും ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണും യൂത്ത് അലേര്‍ട്ട് ഉദ്ഘാടനം ചെയ്തു.
തൃശൂരില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എന്‍.ജയദേവനും കണ്ണൂരില്‍ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ്‌കുമാറും യൂത്ത് അലേര്‍ട്ട് ഉദ്ഘാടനം ചെയ്തു.