ചേർത്തല : കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ ആയ കപ്പ കൃഷി വിളവെടുക്കുവാനും വിൽപ്പനയ്ക്കുമായി സജ്ജീകരണം ഒരുക്കി എഐവൈഎഫ് ഭഗത്‌സിംഗ് യൂത്ത് ഫോഴ്സിന്റെ ചേർത്തല സൗത്ത് മണ്ഡലം കമ്മിറ്റി. കഞ്ഞിക്കുഴി സ്വദേശിയും കേരളത്തിലെ അറിയപ്പെടുന്ന യുവകർഷകരിൽ ഒരാളുമായി സുജിത്തിന്റെ തോണ്ടംകുളങ്ങര ക്ഷേത്ര മൈതാനിയിൽ മൂന്നേക്കറിലായി ഉണ്ടായിരുന്ന 2000 ചുവട് കപ്പ കൃഷിയാണ് കനത്ത മഴയെ തുടർന്ന് വെള്ളത്തിലായത്.
കപ്പ പെട്ടെന്ന് ഒരുമിച്ച് വിളവെടുക്കേണ്ടി വന്നതും 5000 കിലോ കപ്പ ഒരുമിച്ച് വിപണി കണ്ടെത്തേണ്ടി വന്നതുമാണ് കർഷകനെ പ്രതിസന്ധിയിലാക്കിയത്. വിവരം അറിഞ്ഞെത്തിയ ഭഗത്‌സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകർ എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് ബൈരഞ്ജിത്ത്, ചേർത്തല സൗത്ത് മണ്ഡലം സെക്രട്ടറി ബ്രൈറ്റ്. എസ്. പ്രസാദ് പ്രസിഡൻ്റ് വിശാൽ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ വിളവെടുപ്പും വിപണിയും ധ്രുതഗതിയിൽ സാധ്യമാക്കി .
തോട്ടത്തിൽ നിന്ന് വിളവെടുത്ത കപ്പ തൊട്ടടുത്ത പുത്തനമ്പലം ജംഗ്ഷന് സമീപം വില്പന നടത്തി തുക കർഷകന് കൈമാറിയതോടെ വലിയ കൃഷി നാശത്തിനും സാമ്പത്തിക ബാദ്ധ്യതയ്ക്കും പരിഹാരവുമായി. രഞ്ജിത്ത് കാർത്തികേയൻ, അശ്വതി , അജയ് കൃഷ്ണൻ,അർജുൻ എസ് കുമാർ , ഷെമി , അമൽ കൃഷ്ണ,സൗരവ്, ഗോവിന്ദ്,ഉദയകുമാർ , ജി. സുനിമോൻ എന്നിവർ പങ്കാളികളായി.