പുനലൂർ: പ്രതിഷേധങ്ങൾക്ക് ഒടുവിൽ ചെങ്കോട്ട പുനലൂർ കൊല്ലം പാതയിലൂടെ ശബരിമലക്ക് സ്പെഷ്യൽ തീവണ്ടി സർവീസ് – അനുവദിച്ച് സതേൺ റയിൽവേ. ഹൈദരാബാദിലെ സെക്കന്തരാബാദിൽ നിന്ന് കൊല്ലത്തേക്കും തിരികെയുമാണ് സർവീസ് അനുവദിച്ചത്. 22 എൽഎച്ച്ബി കോച്ചുകളോടെ ഈ പാതയിൽ സർവീസ് നടത്തുന്ന ആദ്യ ട്രെയിനാണിത്.
പുനലൂർ റയിൽവേ സ്റ്റേഷനാണ് അയ്യപ്പഭക്തർക്ക് ശബരിമല അടുത്തുള്ള സ്റ്റേഷൻ. ട്രെയിൻ വരുന്ന മുറയ്ക്ക് കെഎസ്ആർടിസിയും കൂടുതൽ സർവീസുകൾ ക്രമീകരിക്കും. ഇരുവശങ്ങളിലും രണ്ട് സർവീസുകൾ വീതം നാല് സർവീസുകൾ ഉണ്ടാകും. സെക്കന്തരാബാദിൽ നിന്നും 19, 26 തീയതികളിൽ സർവീസ് നടത്തും, തിരികെ 21, 28 തീയതികളിലും സർവീസ് ഉണ്ടാകും. നൽഗൊണ്ട, ഗുണ്ടൂർ, മധുര, വിരുദനഗർ, തെങ്കാശി എന്നീ സ്റ്റേഷനിലാണ് സ്റ്റോപ്പുകൾ. ചെങ്കോട്ടയ്ക്കും കൊല്ലത്തിനും ഇടയിൽ പുനലൂരിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.