രാജ്യസഭ കാലാവധി കഴിയാന്‍ പോകുന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി കഴിഞ്ഞദിവസം ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. നീണ്ടകാലം പാര്‍ലമെന്ററി രംഗത്തുണ്ടായിരുന്ന നേതാവ് ഇനിയില്ലെന്ന് പറയുമ്പോള്‍, അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങളും ഓഡിറ്റ് ചെയ്യപ്പെടും. ആറു വര്‍ഷക്കാലം എകെ ആന്റണി രാജ്യസഭയില്‍ എന്തിനെങ്കിലും മിണ്ടിയിട്ടുണ്ടോ? ഇല്ലെന്നാണ്, രാജ്യസഭ രേഖകള്‍ തന്നെ നല്‍കുന്ന ഉത്തരം.
ഒരൊറ്റ ചോദ്യം പോലും എകെ ആന്റണി ഇക്കാലയളവില്‍ ചോദിച്ചിട്ടില്ല. കാര്‍ഷിക നിയമ ഭേദഗതിയും പൗരത്വ നിയമവും ഉള്‍പ്പെടെ നിരവധി നിര്‍ണായക ബില്ലുകള്‍ ഈ കാലയളവില്‍ കേന്ദ്രം അവതരിപ്പിച്ചു. പെഗാസസ് അടക്കം,രാജ്യസുരക്ഷയെ അങ്ങേയറ്റം ബാധിക്കുന്ന വിഷയങ്ങളില്‍, മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന ഈ നേതാവ് ഒരു ചോദ്യം പോലും ചോദിച്ചില്ല. ഈ കാലയളവില്‍ 14 തവണ മാത്രമാണ് ആന്റണി ചര്‍ച്ചയില്‍ പങ്കെടുത്തത്.
അതേസമയം, കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്നുളള ഇടത് എംപിമാരാണ് രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. സിപിഐയുടെ ബിനോയ് വിശ്വം 286 ചോദ്യങ്ങളാണ് സഭയില്‍ ഉന്നയിച്ചിരിക്കുന്നത്. സിപിഎം അംഗങ്ങളായ എളമരം കരീം 191 ചോദ്യങ്ങളും ജോണ്‍ ബ്രിട്ടാസ് നൂറു ചോദ്യങ്ങളും ഉന്നയിച്ചു.
ഇവിടെയാണ്, കോണ്‍ഗ്രസ് അവകാശപ്പെടുന്ന സംഘവിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നത്. അംഗബലത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെക്കാള്‍ പിന്നിലാണ് സിപിഐയും മറ്റ് ഇടതു പാര്‍ട്ടികളും. എന്നിരുന്നാലും, കര്‍ഷക പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടെ ക്രിയത്മകമായി ഇടപെട്ട് മോദി സര്‍ക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കാന്‍ ഇടതു പക്ഷത്തിന് കഴിയുന്നു. ഒന്ന് വ്യക്തമാണ്, നിലപാടാണ് പ്രധാനം, ആളെണ്ണത്തിലും ആരവത്തിലുമല്ല.