ന്യൂഡൽഹി: നൂപുർ ശർമയടക്കമുള്ള ബിജെപി നേതാക്കൾ നടത്തിയ നബി വിരുദ്ധ പരാമർശത്തിനെതിരെ ഇന്ത്യക്ക് ഭീഷണിയുമായി അൽ ഖ്വയ്ദ രംഗത്ത്. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഗുജറാത്ത്, യുപി, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്ന് അൽ ഖ്വയ്ദ വ്യക്തമാക്കിയിരിക്കുന്നത്.
പ്രവാചകനെ അവഹേളിക്കുന്നവർ അവരുടെ വിധിക്കായി കാത്തിരിക്കണം. ഇത്തരക്കാരുടെ ദേഹത്ത് ബോംബ് കെട്ടിയാവും ജിഹാദികൾ പാഠം പഠിപ്പിക്കകയെന്നാണ് അൽ ഖ്വയ്ദയുടെ ഭീഷണി. അതേസമയം, ഭീഷണിക്കത്ത് പരിശോധിച്ചുവരികയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുൻകരുതൽ എന്ന നിലയിൽ ഊർജിത അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഡൽഹി ഉൾപ്പെടെ പല സംസ്ഥാനങ്ങളിലെയും പൊലീസ് ജാഗ്രതയിലാണ്.
നേരത്തെ, കർണാടകയിലെ ഹിജാബ് വിഷയത്തിലും പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ രംഗത്ത് വന്നിരുന്നു. അടിച്ചമർത്തലിനെതിരെ ഇന്ത്യയിലെ പ്രതികരിക്കണമെന്ന് അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി ആവശ്യപ്പെട്ടു. ഖാഇദയുടെ ഔദ്യോഗിക ശബാബ് മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലാണ് സവാഹിരിയുടെ ആഹ്വാനം. ഹിജാബിനെതിരെ രംഗത്തെത്തിയ വിദ്യാർത്ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാർഥി മുസ്കാൻ ഖാനെ സവാഹിരി പ്രശംസിച്ചു.