ആലപ്പുഴ: പഠിച്ചു നടന്ന ക്യാമ്പസിലേക്ക് അവർ അഞ്ച് പേരും ഒന്നിച്ച് അവസാനമായെത്തി. കണ്ടു നിൽക്കാനാകാതെ കണ്ണീരണഞ്ഞ് സഹപാഠികളും സുഹൃത്തുക്കളും അധ്യാപകരും. ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട് മരിച്ച 5 മെഡിക്കൽ വിദ്യാർഥികളുടേയും പൊതുദർശനം വണ്ടാനം മെഡിക്കൽ കോളേജിൽ തുടങ്ങി. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.
പാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് ദാരുണമായ അപകടത്തിൽ മരിച്ചത്. മരിച്ച ദേവാനന്ദന്റെ രക്ഷിതാക്കൾ മെഡിക്കൽ കോളേജിൽ പൊതുദർശനം നടക്കുന്ന സ്ഥലത്തെത്തിയിട്ടുണ്ട്. പാലക്കാട് ഭാരത് മാതാ സ്കൂൾ അധ്യാപകനായ ശേഖരിപുരം സ്വദേശി വൽസന്റെയും അഭിഭാഷകയായ ബിന്ദുവിന്റെയും മകനാണ് ശ്രീദീപ് സുഹൃത്തുക്കൾക്കൊപ്പം സിനിമ കണ്ട് വരാമെന്ന് അറിയിച്ച് ശ്രീദിപ് രാത്രിയിൽ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു
പൊതുദർശനത്തിനു ശേഷം നാല് പേരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോയി. ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർഥി മുഹമ്മദ് ഇബ്രാഹിമിന്റെ കബറടക്കം എറണാകുളം ടൗൺ ജുമാ മസ്ജിദിൽ 3 മണിയോടെ നടക്കും. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പൊതുദർശനത്തിനായി എത്തിക്കുകയായിരുന്നു. ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി പ്രസാദ് എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
ആലപ്പുഴ ദേശീയപാതയിൽ കളർകോട് നടന്ന വാഹനാപകടത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളായ ദേവനന്ദൻ, ശ്രീദീപ്, മുഹമ്മദ് ജബ്ബാർ, ആയുഷ് ഷാജി, മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 9.30നായിരുന്നു അപകടം.
ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർഥികളായ കൃഷ്‌ണദേവ് (ചേർത്തല), ആനന്ദ് (കൊല്ലം), ആൽവിൻ (എടത്വാ), മുഹ്സിൻ (കൊല്ലം), ഗൗരിശങ്കർ (തൃപ്പൂണിത്തുറ) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം കളർകോട് അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും. കാർ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായെന്ന് കണ്ടെത്തൽ. റെന്റ് എ കാർ ലൈസൻസ് ഇല്ലെന്നും ടാക്സി പെർമിഷൻ ഇല്ലെന്നും കണ്ടെത്തി. ആലപ്പുഴ വളഞ്ഞ വഴി സ്വദേശി ഷാമിൽ ഖാൻ ആണ് വാഹന ഉടമ. വാഹന ഉടമയോട് അടിയന്തരമായി എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി.
ഷവർലെറ്റിന്റെ ടവേര വാഹനത്തിന് സെവൻ സീറ്റർ കപ്പാസിറ്റിയാണുള്ളത്. കാറിൽ സഞ്ചരിച്ചത് 11 വിദ്യാർഥികളായിരുന്നു. ഇതിൽ അഞ്ചു വിദ്യാർത്ഥികളാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് മരിച്ചവർ. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന്ലെ രാത്രി ഒമ്പതരയോടെയാണ് അപകടം സംഭവിച്ചത്. കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. 14 വർഷം പഴക്കമുള്ള വാഹനമാണ്. കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നുവെന്ന് ആലപ്പുഴ ആർടിഒ പറഞ്ഞു.