കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ച അപകടത്തിന് കാരണമായത് കനത്ത മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം. കാര്‍ ബസിനെ മറികടക്കുന്ന സമയത്താണ് അപകടമുണ്ടായത്. മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് എംവിഡി ഉദ്യോഗസ്ഥരും പൊലീസുംപറയുന്നത്. ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
എട്ട് പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന വാഹനത്തില്‍ 11 പേരാണ് യാത്ര ചെയ്തത്. സിനിമ കാണാന്‍ തിരച്ച സംഘത്തില്‍ 13 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ കാറിലും രണ്ടുപേര്‍ ബൈക്കിലുമായിരുന്നു. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, മലപ്പുറം സ്വദേശി ദേവനന്ദ് എന്നിവരാണ് മരിച്ചത്. നാലു പേര്‍ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
വാടകയ്‌ക്കെടുത്ത കാറിലാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. കായംകുളം രജിസ്ട്രേഷനിലുള്ളതാണ് കാര്‍. ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാന്റെ ഉടമസ്ഥതയിലുള്ളതാണ് ടവേര കാര്‍. ബസ് വരുന്നത് അവസാനനിമിഷം തിരിച്ചറിഞ്ഞ് സഡന്‍ബ്രേക്കിട്ടപ്പോള്‍ കാര്‍ റോഡില്‍ തെന്നി നീങ്ങിയ ശേഷം കാറിന്റെ മധ്യഭാഗം ബസിലേക്ക് ചെന്ന് ഇടിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. കാറിന്റെ മധ്യഭാഗത്തായി ഇരുന്നവരാണ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചത്. അരമണിക്കൂറോളമെടുത്താണ് കാര്‍ വെട്ടിപ്പൊളിച്ച് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്.
വണ്ടാനത്തെ ഗവ.മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ താമസിക്കുന്നവരാണ് വിദ്യാര്‍ഥികള്‍. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ ആശുപത്രിയിലെത്തി തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കാന്‍ നിര്‍ദേശം നല്‍കി. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ചില്ല് പൊട്ടിയാണ് ബസ് യാത്രക്കാരിക്ക് പരിക്കേറ്റത്. ബസ് ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. എതിര്‍ദിശയിലെത്തിയ കാര്‍ ബസിലിടിക്കുകയായിരുന്നെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്.