തിരുവനന്തപുരം: ബിജെപിയെ തോൽപ്പിക്കാൻ എല്ലാ ജനാധിപത്യ മതേതര പാർട്ടികളും ഒരുമിക്കണമെന്ന് ഡി രാജ. സിപിഐ 24- ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര ജനാധിപത്യ പാർട്ടികൾ പരസ്പര വിശ്വാസത്തോടെ യോജിക്കണം, പ്രാദേശിക പാർട്ടികളെയും ഇതിനായി ഒപ്പം കൂട്ടണം.
രാഷ്ട്രീയ പ്രമേയത്തിൽ തുറന്ന ചർച്ച വേണമെന്നും ഭേദഗതികളുണ്ടെങ്കിൽ ഉയർന്ന് വരണമെന്നും ഡി.രാജ നിർദ്ദേശിച്ചു. ബിജെപി സർക്കാരിനെ പരാജയപ്പെടുത്തിയേ പറ്റു അതില്‍ തർക്കമില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷം ശക്തിപ്പെടണം. ജനാധിപത്യ മതേതര ശക്തികളുടെ കൂട്ടായ്മയും ശക്തിപ്പെടണം. പ്രാദേശിക പാർട്ടികൾക്കിതിൽ വലിയ പങ്കുണ്ട്. പ്രാദേശിക പാർട്ടികൾ മതേതര പുരോഗമന ശക്തികൾക്കൊപ്പം അണിചേരണം.
തമിഴ്നാട് അതിന് നേരുദാഹരണമാണ്. ഇപ്പോൾ ബീഹാറിൽ നിതീഷ് കുമാർ സമാനമായി ചിന്തിക്കുന്നു. മറ്റ് പ്രാദേശിക മതേതര കക്ഷികൾ ഇതു മാതൃകയാക്കണം. കോൺഗ്രസ് പാർട്ടി അവരുടെ സാമ്പത്തിക നയങ്ങൾ തിരുത്തി, മതേതര ഇടതു പുരോഗമന ശക്തികൾക്കൊപ്പം അണി ചേരണമെന്നും ഡി രാജ വ്യക്തമാക്കി. ഇടതുപക്ഷം ഇന്നത്തെ നിലയിൽ നിന്നും കൂടുതൽ ഐക്യവും കരുത്തും ആർജിച്ചേ ലക്ഷ്യത്തിലേക്കെത്തുവെന്നും ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ആശയപരമായ ഏകീകരണം കൈവരിക്കണ്ട സമയമായി. അതിന്റെ ഭാഗമായി സിപിഐ ഒരു പ്രസ്ഥാനമെന്ന നിലയിൽ കൂടുതൽ ശക്തിപ്പെടണം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പരാജയം വെച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകളുടെയും ഇടതുപക്ഷത്തിന്റെയും കരുത്ത് കുറച്ചു കാണരുത്. ഇടതുപക്ഷ കാഴ്ചപ്പാടുകൾക്ക് മുൻപില്ലാത്ത വ്യാപ്തി ദേശീയ തലത്തിലുണ്ട്. പക്ഷേ, അത് വോട്ട് ആകുന്നില്ല. കമ്മ്യൂണിസം അപകടവും കാട്ടുതീയുമാണെന്ന മോഡിയുടെ വാക്കുകൾ തന്നെ ഈ പ്രസ്ഥാനത്തിന്റെ കരുത്ത് പ്രഖ്യാപിക്കുന്നുണ്ട്. ഓരോ കമ്മ്യൂണിസ്റ്റുകാരനും ഈ പാർട്ടി അവരുടെ അമ്മയാണ്, മറക്കരുത്! ഇന്നിന്റെ മാത്രമല്ല നാളെയുടെയും കരുത്ത് ഈ ചെങ്കൊടിയാണ്. പാർട്ടിയാണ് ആയുധം. അടിസ്ഥാനപരമായി പാർട്ടിയെ സ്നേഹിക്കാൻ കഴിയണം. പാർട്ടി അവനവന്റേതെന്ന് കരുതണമെന്നും ഡി.രാജ വ്യക്തമാക്കി.