Thursday, November 21, 2024
spot_imgspot_img
HomeIndia'പോയി പഠിച്ചിട്ടു വരൂ'; ബിജെപി നേതാവിനോട് ഹൈക്കോടതി, താജ് മഹലിലെ മുറികള്‍ തുറക്കണമെന്ന ഹര്‍ജി തള്ളി

‘പോയി പഠിച്ചിട്ടു വരൂ’; ബിജെപി നേതാവിനോട് ഹൈക്കോടതി, താജ് മഹലിലെ മുറികള്‍ തുറക്കണമെന്ന ഹര്‍ജി തള്ളി

ലഖ്‌നൗ: താജ്മഹലിന്റെ ചരിത്രത്തെക്കുറിച്ച് വസ്തുതാന്വേഷണം നടത്തണമെന്നും പൂട്ടിയ 22 മുറികളുടെ വാതിലുകൾ തുറക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഹർജിക്കാരൻ നാളെ ജഡ്ജിമാരുടെ ചേംബറുകൾ കാണണമെന്ന് ആവശ്യപ്പെടുമെന്നും പൊതുതാത്പര്യ ഹർജി സംവിധാനത്തെ പരിഹസിക്കരുതെന്നും അലഹബാദ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് വിമർശിച്ചു. താജ്മഹലിന് പിന്നിലെ യഥാർത്ഥ വസ്തുത കണ്ടെത്തുന്നതിന് ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയ്ക്ക് മുമ്പാകെ പൊതുതാത്പ്പര്യ ഹർജി എത്തിയത്. ജസ്റ്റിസുമാരായ ഡി കെ ഉപാധ്യായ, സുഭാഷ് വിദ്യാർത്ഥി എന്നിവരാണ് ഹർജി പരിഗണിച്ചത്.

ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇൻ ചാർജായ രജനീഷ് സിംഗാണ് റിട്ട് ഹർജിയുമായി ലഖ്‌നൗ ബെഞ്ചിനെ സമീപിച്ചത്. ചരിത്ര സ്മാരകത്തിന്റെ അടഞ്ഞുകിടക്കുന്ന 20 മുറികളും തുറക്കണമെന്നും, സത്യമെന്ത് തന്നെയായാലും അത് കാണാൻ കഴിയണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രജനീഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. റാം പ്രകാശ് ശുക്ല, രുദ്ര വിക്രം സിംഗ് തുടങ്ങിയ തന്റെ അഭിഭാഷകർ വഴിയാണ് രജനീഷ് ഹർജി സമർപ്പിച്ചത്.

താജ് മഹൽ ശിവക്ഷേത്രമായിരുന്നെന്നും താജ് മഹലിലെ മുറികൾ തുറന്ന് പഠനം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ഉത്തരവിടണം എന്നുമായിരുന്നു രജനീഷ് ഹർജിയിൽ പറഞ്ഞിരുന്നത്. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുൻ ഹൈക്കോടതി, സുപ്രീം കോടതി വിധികൾ ഹർജിക്കാരൻ അവതരിപ്പിച്ചപ്പോൾ നൽകിയ വാദങ്ങളോട് യോജിപ്പില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഭേദഗതി വരുത്തിയ ഹർജി ഫയൽ ചെയ്യാൻ ഹർജിക്കാരൻ അനുമതി തേടി.

കോടതി റിട്ട് പുറപ്പൈടുവിക്കണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെടുന്നതെന്നും അവകാശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിൽ മാത്രമേ അങ്ങനെ ചെയ്യാൻ സാധിക്കുള്ളുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

‘ഞങ്ങൾ എന്ത് വിധി പറയണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ആരാണ് താജ് മഹൽ നിർമ്മിച്ചതെന്നോ? അവകാശങ്ങൾ ലംഘിക്കപ്പൈടുമ്പോൾ മാത്രമേ സർക്കാരിനോട് ഉത്തരവിടാൻ സാധിക്കുള്ളു. ഇവിടെ നിങ്ങളുടെ എന്ത് അവകാശമാണ് ഹനിക്കപ്പെട്ടത്?’ബെഞ്ച് ചോദിച്ചു.

ഒരു വസ്തുതാന്വേഷണ കമ്മിറ്റി രൂപീകരിക്കണമെന്നും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി എന്തിനാണ് 22 മുറികൾ പൂട്ടിയിട്ടിരിക്കുന്നത് എന്നറിയാൻ പൗരൻമാർ അറിയേണ്ടതുണ്ടെന്നും ഹർജിക്കാരൻ പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ മുറികൾ അടച്ചിട്ടിരിക്കുന്നതിൽ തൃപ്തനല്ലെങ്കിൽ അതിനെ ചോദ്യം ചെയ്യാൻ നിയമ സംവിധാനത്തിലൈ മാർഗങ്ങൽ തേടണം. ഈ വിഷയത്തെ കുറിച്ച് ഹർജിക്കാരൻ ആദ്യം കുറച്ച് ഗവേഷണം നടത്തണമെന്നും കോടതി പറഞ്ഞു.

മുഗൾ ചക്രവർത്തി ഷാജഹാൻ താജ്മഹൽ പണിത ഭൂമി യഥാർത്ഥത്തിൽ ജയ്പൂർ രാജകുടുംബത്തിന്റേതാണെന്ന് വാദമുയരുന്നു. താജ്മഹൽ നിർമ്മിച്ച ഭൂമിയിൽ തന്റെ കുടുംബത്തിന്റെ അവകാശവാദം തെളിയിക്കുന്ന രേഖകളുണ്ടെന്ന് ദിയാ കുമാരി എം പി അവകാശപ്പെട്ടു. ഇതു സംബന്ധിച്ച സർവ്വേ നടത്തണമെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് നിർദ്ദേശിക്കണമെന്നും ദിയാ കുമാരി ആവശ്യപ്പെട്ടിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares