ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദ് ജില്ലയില്‍ 50 വര്‍ഷം പഴക്കമുള്ള മസ്ജിദ് പൊളിച്ചുമാറ്റി. സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെയാണ് ഫരീദാബാദിലെ അഖ്‌സ മസ്ജിദ് പൊളിച്ചുമാറ്റിയത്.
മൂന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍മാര്‍ ഉള്‍പ്പെടെ കനത്ത പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.
ഏപ്രില്‍ 15 തിങ്കളാഴ്ചയാണ് മസ്ജിദ് പൊളിച്ചുമാറ്റിയത്. പള്ളി പൊതുഭൂമിയില്‍ കയ്യേറിയെന്ന് ആരോപിച്ചാണ് അധികൃതര്‍ പള്ളി പൊളിച്ചുമാറ്റിയത്.
ബദ്ഖല്‍ ഗ്രാമത്തില്‍ അമ്പത് വര്‍ഷമായുള്ള പള്ളിയുടെ കൈയേറ്റം സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് പള്ളി പൊളിച്ചുമാറ്റല്‍ നടപടിയിലേക്ക് കടന്നതെന്ന് കാണിച്ച് പ്രദേശത്തെ ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ജില്ലാ ഭരണകൂടം തിടുക്കം കാണിച്ചുവെന്നും കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ നിയമലംഘനം നടത്തിയെന്നും നാട്ടുകാര്‍ പറയുന്നു. ആദ്യം കുറച്ച് കടകള്‍ പൊളിച്ചുമാറ്റിയ അധികൃതര്‍ തുടര്‍ന്ന് തങ്ങളുടെ മസ്ജിദ് പൊളിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
മനപൂര്‍വമുള്ള സമീപനമാണെന്നും തിടുക്കമായിരുന്നു അധികൃതര്‍ക്കെന്നും പറഞ്ഞ നാട്ടുകാര്‍ തങ്ങള്‍ക്ക് അധികൃതര്‍ മതിയായ സമയം നല്‍കിയില്ലെന്നും പരാതിപ്പെട്ടു.