അഡ്വ ഷഫീർ കിഴിശ്ശേരി
(സെക്രട്ടറി എഐവൈഎഫ് മലപ്പുറം ജില്ല കമ്മിറ്റി)
1969 ൽ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായിരുന്നു സ:ആളൂർ പ്രഭാകരൻ. സജീവ പ്രവർത്തകരായിരുന്ന ഇരുപത്തിയഞ്ചോളം യുവാക്കൾ പങ്കെടുത്ത ജില്ലാ കൺവൻഷനിലാണ് അന്ന് ‘നവജീവൻ’ മലപ്പുറം റിപ്പോർട്ടർ കൂടിയായ ആളൂർ പ്രഭാകരൻ സെക്രട്ടറിയും എ കെ സുബൈർ പ്രസിഡന്റായും ഉള്ള കമ്മിറ്റി രൂപീകരിച്ചത്.1962 മുതൽ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറായിരുന്ന ആളൂർ പിളർപ്പിലും പാർട്ടിക്കൊപ്പം തുടർന്നു.
അടിയന്തിരാവസ്ഥക്കാലത്ത് തൊഴിലാളികളുടെ ബോണസ് ഒഴിവാക്കിക്കൊണ്ട് ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് തിരൂരിൽ സമരത്തിന് നേതൃത്വം നൽകി ജയിലിടക്കപ്പെട്ടതും,സഹ പ്രവർത്തകനും എഐവൈഎഫ് ജില്ലാ പ്രസിഡന്റുമായിരുന്ന എ കെ സുബൈർ പൊലീസ് വെടിവെപ്പിൽ രക്തസാക്ഷിയായപ്പോഴും പതറാതെ മുന്നോട്ട് തന്നെ പോകാനായതും, കിലോമീറ്ററുകൾ താണ്ടി സംഘടനാ പ്രവർത്തനങ്ങൾക്കായി സഞ്ചരിച്ചതും ആളൂരെന്ന പ്രക്ഷോഭകാരിയുടെ തീക്ഷ്ണതയാണ്.
1990 ൽ അക്കാലത്തെ മലപ്പുറം ഡി സി സി പ്രസിഡന്റായിരുന്ന ശ്രീ വി എം കൊളക്കാടിനെ 455 വോട്ടിന് പരാജയപ്പെടുത്തി ആദ്യ ജില്ലാ കൗൺസിലിൽ പാർട്ടിയുടെ ജനപ്രതിനിധിയായി. രണ്ട് തവണ ആതവനാട് ഗ്രാമ പഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ച ആളൂർ കവിയും,ഗ്രന്ഥശാല പ്രവർത്തകനും,മാധ്യമ പ്രവർത്തകനും ആയി പ്രവർത്തിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയായിരുന്നു.
മലപ്പുറം പ്രസ് ക്ലബ്ബിന്റെ പ്രഥമ സെക്രട്ടറി,ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ സജീവമായിരുന്നു ആളൂർ പാർട്ടി മെമ്പർ കൂടിയായിരുന്ന അച്ഛൻ പുളിക്കത്തൊടി ശങ്കുണ്ണി നായരിൽ നിന്നാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായത്.
സി പി ഐ ജില്ലാ എക്സിക്കുട്ടീവ് കമ്മിറ്റി അംഗം,അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറി,മലബാർ ദേവസ്വം ബോർഡ് അംഗം എന്നീ ചുമതലകൾ നിർവ്വഹിച്ചിരുന്ന സഖാവ് മരണം വരെ പാർട്ടി ജില്ലാ കമ്മിറ്റി അംഗമായിരുന്നു.യുവാക്കകളെയും വിദ്യാർത്ഥികളെയും രാഷ്ട്രീയ വൽക്കരിക്കാനും,ചരിത്ര ബോധം പകർന്ന് നൽകുവാനും സമയം കണ്ടെത്തിയിരുന്ന ആളൂർ മരണം വരെ അദ്ദേഹത്തിന്റെ കടമകളിൽ വാപൃതനായിരിരുന്നു.
കെട്ട കാലത്തോട് കലഹിക്കാനും,നേരിന് വേണ്ടി നിവർന്ന് നിൽക്കാനും സഖാവിന്റെ ഓർമ്മകൾ നമുക്ക് കരുത്ത് നൽകും.
യുവജന പ്രസ്ഥാനത്തിന്റെ തുടക്കക്കാരന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി രക്ത പുഷ്പങ്ങളർപ്പിക്കുന്നു.മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നു.