ന്യൂഡൽഹി: ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ എഴുതുന്നതിൽനിന്നോ ട്വീറ്റ് ചെയ്യുന്നതിൽനിന്നോ വിലക്കാനാവില്ലെന്ന് സുപ്രീം കോടതി. ട്വീറ്റിലൂടെ നിയമ ലംഘനം നടത്തിയാൽ അതിനു നടപടിയെടുക്കാവുന്നതാണെന്നും ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സുബൈറിനു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത ഏഴ് കേസുകളിലും മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സുബൈറിനെ കസ്റ്റഡിയിൽ വെക്കുന്നതിന് യാതൊരു ന്യായീകരണവും ഇല്ലെന്നാണ് കോടതി പറഞ്ഞത്. സുബൈറിന് എതിരായ കേസുകൾ ദില്ലിയിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചു. അറസ്റ്റ് ചെയ്യാനുള്ള അധികാരം ഏറ്റവും മിതമായി ഉപയോഗിക്കണമെന്നും കോടതി പരാമർശിച്ചു.
സുബൈറിന്റെ ട്വീറ്റുകൾ വിലക്കണമെന്ന യുപി സർക്കാരിന്റെ ആവശ്യം നിരസിച്ചുകൊണ്ടാണ്, സുംപ്രീം കോടതി വിധി. ഒരു മാധ്യമപ്രവർത്തകൻ എഴുതരുതെന്നോ ട്വീറ്റ് ചെയ്യരുതെന്നോ എങ്ങനെ പറയാനാവുമെന്ന് കോടതി ചോദിച്ചു. ട്വീറ്റിൽ നിയമം ലംഘിച്ചാൽ നിയമപ്രകാരമുള്ള നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. ജേണലിസ്റ്റിനോട് ട്വീറ്റ് ചെയ്യരുതെന്നു പറയുന്നത് അഭിഭാഷകനോട് വാദിക്കരുതെന്നു പറയുന്നതു പോലെ തന്നെയാണെന്ന് കോടതി ഓർമിപ്പിച്ചു.
സുബൈറിനെ ഇനിയും കസ്റ്റഡിയിൽ വയ്ക്കുന്നതിനു ന്യായീകരണമൊന്നുമില്ല. സുബൈറിന് ഡൽഹി കോടതി ജാമ്യം നൽകിയിട്ടുള്ളതാണ്. ഇതേ കുറ്റത്തിനു തന്നെയാണ് യുപിയിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതേ കുറ്റത്തിന് ഇനി രജിസ്റ്റർ ചെയ്യുന്ന കേസുകളിലും സുബൈറിനു ജാമ്യം നൽകുകയാണെന്ന് കോടതി വ്യക്തമാക്കി.
സുബൈറിനെതിരെ യുപിയിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും ഡൽഹിയിലേക്കു മാറ്റി. ഡൽഹി പൊലീസ് ഈ കേസുകൾ അന്വേഷിക്കും. അന്വേഷണത്തിനായി യുപി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കോടതി പിരിച്ചുവിട്ടു. എഫ്‌ഐആർ റദ്ദാക്കാൻ സുബൈറിന് ഡൽഹി കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു.