ആലപ്പുഴ: കോർപറേറ്റ് താല്പര്യത്തിനുവേണ്ടി ജനവിരുദ്ധ ഭരണം നടത്തുന്ന ഇന്ത്യയിലെ നരേന്ദ്രമോഡി സർക്കാരിനെതിരെയും ജനകീയ പ്രക്ഷോഭം കരുത്തോടെ തുടരണമെന്ന് എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ. വരാനിരിക്കുന്നത് വലിയ പോരാട്ടങ്ങളുടെ നാളുകളാണെന്നും എഐടിയുസി നാല്പത്തിരണ്ടാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു. സർവതും സ്വകാര്യ കുത്തകകൾക്ക് വിട്ടുകൊടുത്ത് രാജ്യത്ത് അസമത്വമുണ്ടാക്കുന്ന നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. മുതലാളിത്തം ജനവിരുദ്ധ ഭരണകൂടങ്ങളിലൂടെ ആധിപത്യം ഉറപ്പിക്കുന്ന ലോകത്ത് പോരാട്ടങ്ങൾ ശക്തിപ്പെടുകയാണെന്നും അവർ വ്യക്തമാക്കി.
രാജ്യത്തെ ദരിദ്രരുടെയും സമ്പന്നരുടെയും അകലം വർധിച്ചുകൊണ്ടിരിക്കുന്നു. വനഭൂമിയടക്കം സ്വകാര്യമേഖലയ്ക്ക് കൈമാറിക്കൊണ്ട്, ആദിവാസികൾ ഉൾപ്പെടെയുള്ള ദരിദ്ര ജനവിഭാഗത്തിനെ ആവാസകേന്ദ്രങ്ങളിൽ നിന്ന് ആട്ടിപ്പായിക്കുന്ന മനോനിലയിലെത്തി ഭരണകൂടമെന്ന് അവർ പറഞ്ഞു. ജീവിത സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുന്നു. അഭിപ്രായം പറയാനും പ്രതിഷേധിക്കാനും കഴിയാത്ത സ്ഥിതിയിലാണ് രാജ്യം. സമ്പദ്ഘടനയാകെ തകർന്നു.
കോർപറേറ്റുകളുടെയും അതി സമ്പന്നരുടെയും കോടിക്കണക്കിനു രൂപയുടെ വായ്പകൾ എഴുതിത്തള്ളാൻ സർക്കാർ യാതൊരുമടിയും കാണിച്ചില്ലെന്നും അമർജീത് പറഞ്ഞു. ദരിദ്രജനവിഭാഗങ്ങൾക്കായി സബ്സിഡി നൽകാൻ പോലും മോഡി സർക്കാർ തയ്യാറായില്ല. സാമൂഹിക സുരക്ഷാ പദ്ധതികളാകെ അട്ടിമറിച്ചു. തൊഴിലുറപ്പ് തൊഴിലിനുള്ള ബജറ്റ് വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. കർഷകർക്കുള്ള സഹായങ്ങളും സബ്സിഡികളും നിർത്തലാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
കോവിഡ് മഹാമാരിക്കാലത്തുപോലും കോർപറേറ്റുകൾക്കുവേണ്ടിയാണ് നയവും നിയമങ്ങളും സൃഷ്ടിച്ചതെന്നും അമർജീത് പറഞ്ഞു. ഉടമകൾക്ക് സർവസ്വാതന്ത്ര്യം നൽകി തൊഴിലാളികളെ അവരുടെ അടിമകളാക്കാൻ മോഡി സർക്കാർ നിയമങ്ങൾ മാറ്റിമറിച്ചു. തൊഴിൽ സ്ഥിരതയില്ലായ്മ രൂക്ഷമായി. തൊഴിൽ നഷ്ടവും പെരുകി. ധനസമ്പാദന പദ്ധതിയിലൂടെ വിറ്റഴിക്കൽ കൂടി വന്നതോടെ തൊഴിലാളികളും കുടുംബങ്ങളും പെരുവഴിയിലാവാൻ തുടങ്ങിയെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.