പത്തനംതിട്ട: മോദി ഭരണത്തിൽ രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലായെന്ന് സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം അമർജീത് കൗർ പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ കുത്സിതമാർഗങ്ങളിലൂടെ അട്ടിമറിക്കാനും പകരം പാവ സർക്കാരുകളെ പ്രതിഷ്ഠിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തങ്ങൾക്കിഷ്ടമില്ലാത്ത സർക്കാരുകൾക്കെതിരെ സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ മർദ്ദനോപകരണങ്ങളാക്കുന്നു. ജൂഡീഷ്യറിയെവരെ ഭരണസ്വാധീനം ഉപയോഗിച്ച് വരുതിയിലാക്കിയെന്നും അമർജീത് കൗർ പറഞ്ഞു.
ജില്ലാ സെക്രട്ടറി എ പി ജയൻ അധ്യക്ഷനായി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആർ ചന്ദ്രമോഹൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി ആർ ഗോപിനാഥൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ഡി സജി, മലയാലപ്പുഴ ശശി, ജില്ലാ ട്രഷറർ അടൂർ സേതു, വി കെ പുരുഷോത്തമൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളിൽ നിന്നും കൊണ്ടുവന്ന പതാക, കൊടിമരം, ബാനർ, ദീപശിഖ എന്നിവ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ സംഗമിച്ചു. തുടർന്ന് സംയുക്ത ജാഥ പൊതുസമ്മേളന വേദിയിലെത്തിയപ്പോൾ മുതിർന്ന നേതാവ് വൈ തോമസ് പതാക ഉയർത്തി.