മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂഡൽഹിയിൽ മൂന്നാം മോദി സർക്കാരിന്റെ 100 ദിവസത്തെക്കുറിച്ച് വിശദീകരിക്കാൻ അമിത് ഷാ വിളിച്ച വാർത്താ സമ്മേളനത്തിലാണ് മണിപ്പൂരിനെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. ബീരെൻ സിംഗ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുകൊണ്ട് എന്നാരാഞ്ഞപ്പോൾ നിങ്ങൾക്ക് ചോദിക്കാം എന്നാൽ തർക്കിക്കാൻ വരേണ്ട എന്നായിരുന്നു അമിത് ഷായുടെ മറുപടി. മണിപ്പൂരിൽ രണ്ടു വിഭാഗവുമായും ചർച്ചകൾ തുടരുന്നുണ്ടെന്നാണ് അമിത് ഷായുടെ വാദം.
പ്രധാനമന്ത്രി മണിപ്പൂരിൽ പോകാനുള്ള തീരുമാനം എടുക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാൽ നിങ്ങൾ അറിയും എന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. വഖഫ് ബില്ലിൽ നിന്ന് പിന്നോട്ടില്ലെന്നും വൈകാതെ ഇത് പാസാക്കുമെന്നും അമിത് ഷാ അറിയിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഈ സർക്കാരിൻറെ കാലഘട്ടത്തിൽ തന്നെ നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.