തിരുവനന്തപുരം: റവന്യൂ ജീവനക്കാർക്ക് വില്ലേജ് സർവീസ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിറക്കി. റവന്യൂ വകുപ്പിലെ ഉയർന്ന തസ്തികകളിൽ ജോലിനോക്കുന്ന ജീവനക്കാർക്ക് വേണ്ടത്ര ഫീൽഡ് പരിചയം ഇല്ലാത്തത് സേവനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. അതേതുടർന്നാണ് റവന്യൂ വകുപ്പിലെ അടിസ്ഥാന ഓഫീസുകളായ വില്ലേജ് ഓഫീസുകളിൽ റവന്യൂ ജീവനക്കാർക്ക് സേവനം നിർബന്ധമാക്കിയതെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി.
വില്ലേജ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് വില്ലേജ് ഓഫീസിൽ 3 വർഷത്തെ സേവനവും ഡെപ്യൂട്ടി തഹസിൽദാർ/ജൂനിയർ സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് വില്ലേജ് ഓഫീസർ തസ്തികയിൽ 2 വർഷത്തെ സേവനവും നിർബന്ധമാക്കിയാണ് ചരിത്രപരമായ ഈ ഉത്തരവിറക്കിയത്.