ടി കെ മുസ്തഫ വയനാട്
വയനാട് ലോക്സഭാ മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സഖാവ് ആനി രാജയെ പിന്തുണച്ച് ഗുസ്തി താരം സാക്ഷി മാലിക് രംഗത്തെത്തിയിരിക്കുന്നു. ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ പ്രതിഷേധ സമരങ്ങളിൽ വനിതാ ഗുസ്തി താരങ്ങൾക്കൊപ്പം സഖാവ് ആനി രാജ ശക്തമായി നില കൊണ്ടിരുന്നുവെന്നും ജനാധിപത്യ അവകാശങ്ങൾക്കും നീതിയ്ക്കുംവേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തിൽ ആനി രാജ ഇപ്പോഴും സജീവ സാന്നിധ്യമാണെന്നുമാണ് സാക്ഷി മാലിക് പറഞ്ഞിരിക്കുന്നത്.
ലൈംഗികാതിക്രമ ആരോപണം നേരിട്ട മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ് സിങ്ങിനെ പുതിയ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുത്തതിനെ തുടർന്ന് നേരത്തെ സാക്ഷി മാലിക് കായിക രംഗം വിടുന്നതായി പ്രഖ്യാപിച്ചത് ഓർക്കുന്നുണ്ടാകും!
2016 റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവായ സാക്ഷി മാലിക് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്ന് ബ്രിജ് ഭൂഷൺ സിങ്ങിന്റെ ബിസിനസ് പങ്കാളിയും അടുത്ത സഹായിയുമായ വ്യക്തിയെ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള തന്റെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ടും ഗുസ്തി താരം ഭജ്റംഗ് പുനിയയും നീതി നിഷേധത്തിനും ഭരണ കൂടത്തിന്റെ വാഗ്ദാന ലംഘനങ്ങൾക്കുമെതിരെ അതി രൂക്ഷമായി തന്നെയാണ് പ്രതികരിച്ചത്. പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് ഗുസ്തി ഫെഡറേഷൻ ഭരണ സമിതിയെ സസ്പെൻഡ് ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച് ജന രോഷത്തെ മയപ്പെടുത്താൻ അന്ന് നിർബന്ധിതരാവുകയായിരുന്നു കേന്ദ്ര സർക്കാർ!
ഒളിമ്പിക്സ് വേദികളിലടക്കം രാജ്യത്തിന്റെ യശസ്സുയർത്തിയ ഗുസ്തി താരങ്ങൾ ഏതാനും മാസങ്ങൾക്ക് മുൻപ് രാജ്യ തലസ്ഥാനത്ത് നീതിക്കായുള്ള ഐതിഹാസിക പോരാട്ടത്തിന്റെ പാതയിലായിരുന്നു. ലൈംഗികാതിക്രമണക്കേസിൽ പ്രതി ചേർക്കപ്പെട്ട പാർലമെന്റ് മെമ്പറും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ ഭരണകൂടം കാണിച്ച നിഷ്‌ക്രിയാവസ്ഥക്കെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് രാജ്യ തലസ്ഥാന നഗരിയിൽ അന്ന് സമാനതകളില്ലാത്ത പോർമുഖം തുറന്നത് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽ രത്നയും പത്മ ശ്രീയുമടക്കം നേടിയവരടക്കമുള്ള രാജ്യാന്തര കായിക താരങ്ങൾ.
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ് വർഷങ്ങളായി തങ്ങളെ പീഡിപ്പിക്കുന്നുവെന്നും ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടും സാക്ഷി മാലികിന്റെയും ബജ്രംഗ് പൂനിയയുടെയും വിനേഷ് ഫോഗട്ടിന്റെയും നേതൃത്വത്തിൽ കായിക താരങ്ങൾ രംഗത്ത് വന്നത് കഴിഞ്ഞ ജനുവരി 18 നാണ്. പ്രസ്തുത ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ബോക്സിങ് താരം മേരി കോമിന്റെ അധ്യക്ഷതയിൽ ഏഴംഗ സമിതിയെ അന്വേഷണത്തിന് നിയോഗിക്കുകയും നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രായപൂർത്തി ആകാത്ത വ്യക്തി ഉൾപ്പെടെ ഏഴ് വനിത ഗുസ്തി താരങ്ങൾ ഡൽഹി പോലീസിൽ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ എഫ് ഐ ആർ രജിസ്‌റ്റർ ചെയ്യണമെന്ന് താരങ്ങൾ ആവശ്യപ്പെടുകയും പ്രസ്തുത പരാതി സുപ്രീം കോടതിയിൽ എത്തുകയും ചെയ്തതോടെ മുഖം രക്ഷിക്കുന്നതിന് വേണ്ടി ഡൽഹി സർക്കാർ കേസെടുത്തെങ്കിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്താതെ നടപടികൾ വൈകിപ്പിച്ച് വിഷയം നിസ്സാര വത്കരിക്കാനും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഉത്തർ പ്രദേശിലെ ഉന്നതനായ നേതാവിനെ സംരക്ഷിക്കാനുമാണ് ശ്രമിച്ചത്.
ഇതേ തുടർന്നാണ് ഏപ്രിൽ 23 ന് വീണ്ടും തെരുവിൽ സമരത്തിനിറങ്ങാൻ താരങ്ങൾ നിർബന്ധിതരായത്. കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം സമരം ചെയ്യുന്ന കായിക താരങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിടാനാണ് ഭരണ കൂടം തുടക്കം മുതൽ ശ്രമിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനദിനത്തിൽ താരങ്ങൾ നടത്തിയ മാർച്ചിനെ ഡൽഹി പൊലീസ് നേരിട്ട രീതി പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തപ്പെട്ട ക്രിമിനൽ പശ്ചാത്തലമുള്ള രാഷ്ട്രീയ നേതാവിന് വേണ്ടിയാണെന്നോർത്ത് അന്ന് രാജ്യത്തിന് ലജ്ജിച്ചു തല താഴ്ത്തേണ്ടി വന്നിരുന്നു.
ഒളിമ്പിക്‌സ് അടക്കം പല അന്തർദേശീയ കായികവേദികളിലും നമ്മുടെ ദേശീയഗാനം ഉയർന്നുകേൾക്കുന്നതിന് ഇടവരുത്തിയ അഭിമാന താരങ്ങൾ തെരുവിൽ നിഷ്‌കരുണം വലിച്ചിഴയ്‌ക്കപ്പെട്ടപ്പോൾ ചോദ്യം ചെയ്യപ്പെട്ടത് രാജ്യത്തിന്റെ ആത്മാഭിമാനവും നിയമ വാഴ്ചയുമായിരുന്നു. നീതിക്കു വേണ്ടി ശബ്ദമുയർത്തിയ കായികതാരങ്ങൾക്കെതിരെ കലാപക്കുറ്റത്തിന് കേസെടുത്ത ഡൽഹി പൊലീസ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് തെരുവിലിറങ്ങിയ ആനി രാജ, സുഭാഷിണി അലി തുടങ്ങിയ ഇടതുപക്ഷ നേതാക്കളെയും ജെ എൻ യു വിദ്യാർത്ഥികളെയും അറസ്റ്റു ചെയ്യുകയായിരുന്നു.
രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ കരുത്തുറ്റ മുഖമായ ആനി രാജ സ്ത്രീകളും ആദിവാസികളും ദളിത് വിഭാഗങ്ങളുമടക്കമുള്ളവർ നേരിടുന്ന മനുഷ്യത്വ വിരുദ്ധമായ സാമൂഹ്യ സാഹചര്യങ്ങൾക്കെതിരിൽ ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങളാൽ പ്രചോദിതമായ പ്രവർത്തന പാൻഥാവിലൂടെയുള്ള ഐതിഹാസികമായ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ മുഖമാണ്. വിഭജന രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ചു കൊണ്ടുള്ള സംഘ് പരിവാർ ഹിഡൻ അജണ്ട മണിപ്പൂരിനെ മാസങ്ങളോളം കലാപ ഭൂമിയാക്കി മാറ്റിയപ്പോൾ കലാപം സർക്കാർ സ്പോൺസർഡ് ആണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഫാസിസ്റ്റ് ഭരണത്തിന്നെതിരിൽ സമാനതകളില്ലാത്ത പോരാട്ടങ്ങൾക്കാണവർ നേതൃത്വം നൽകിയത്.
സർക്കാർ വിരുദ്ധ നിലപാടുകളെ ദേശവിരുദ്ധ പ്രവർത്തനങ്ങളായി മുദ്ര കുത്തുകയും തങ്ങൾക്കെതിരായ ആശയങ്ങളുടെ ഉന്മൂലനം ഒളിയജണ്ടയായി സ്വീകരിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടം പ്രസ്തുത പരാമർശത്തെ തുടർന്ന് അവർക്കെതിരിൽ രാജ്യ ദ്രോഹക്കുറ്റം ചുമത്തി കേസ് എടുക്കുകയായിരുന്നു. ഭരണ ഘടന വിരുദ്ധവും മത നിരപേക്ഷ രാഷ്ട്രത്തിൽ മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് അംഗീകാരം നൽകുന്നതുമായ ‘പൗരത്വ ഭേദഗതി നിയമ’ ത്തിലൂടെയും ഏക സിവിൽ കോഡി’ ലൂടെയും രാജ്യത്തിന്റെ കരുത്തായ വൈവിധ്യത്തെ തകർക്കാനുള്ള സംഘ് പരിവാർ ഒളിയജണ്ടക്കെതിരെ സുശക്തമായ നിലപാടുകളിലൂന്നിയുള്ള ഫാസിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്നാണ് ആനി രാജ നേതൃത്വം നൽകിയത്.
ഗുജറാത്തിൽ 2002 ൽ നടന്ന സംഭവങ്ങളിൽ ഏറ്റവും കടുത്ത ക്രൂരതയാണ് ബിൽക്കിസ് ബാനു അനുഭവിച്ചത് . അഞ്ചു മാസം ഗർഭിണിയായിരുന്ന 21 വയസ്സ് മാത്രം ഉണ്ടായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകളെ തറയിലെറിഞ്ഞു കൊല്ലുകയും ചെയ്തു. ബിൽക്കിസിന്റെ കുടുംബത്തിലെ 14 പേരാണ് കൊല്ലപ്പെട്ടത്. ബലാത്സംഗത്തിനിടയിൽ ബോധം നഷ്ടപ്പെട്ടതിനാൽ മരിച്ചെന്ന് കരുതി അക്രമികൾ ഉപേക്ഷിച്ചു പോയത് കൊണ്ട് മാത്രമാണ് അവർ ഇന്ന് ജീവിച്ചിരിക്കുന്നത്. ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമായി കണക്കാക്കുന്ന പ്രത്യയശാസ്ത്ര വക്താക്കൾക്കെതിരെയുള്ള പോരാട്ടത്തിൽ ബിൽക്കിസ് ബാനുവിന് കരുത്തായും ആനി രാജയുണ്ടായിരുന്നു.
വീരപ്പൻ വേട്ടയുടെ മറവിൽ കർണാടക- തമിഴ്നാട് സർക്കാറുകൾ സംയുക്തമായി രൂപീകരിച്ച ജോയിന്റ് സ്പെഷ്യൽ ടാസ്ക് ഫോഴ്സുകൾ നടത്തിയ മനുഷ്യത്വ രഹിത ഇടപെടലുകൾക്കും ലൈംഗിക പീഡനങ്ങൾക്കുമിരയായവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഭരണകൂട ഭീകരതക്കെതിരെയുള്ള പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്തു സഖാവ്. സത്യമംഗലം കാടുകൾ താണ്ടി വീരപ്പൻ വേട്ടയിലെ ഇരകൾ കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിൽ ആനി രാജക്ക് വോട്ട് അഭ്യർത്ഥിച്ച് എത്തിയിരുന്നു.
എന്നാൽ വയനാട്ടിൽ ആനി രാജയെ എതിർക്കുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസും ദേശീയ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന വർഗീയ – കോർപ്പറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നിലപാട് സ്വീകരിക്കാനോ പ്രക്ഷോഭം സംഘടിപ്പിക്കാനോ തയ്യാറാകാതെ മുതലാളിത്ത – വർഗീയ പ്രീണന നയങ്ങളാണ് സ്വീകരിക്കുന്നത്.നിർണായകമായ രാഷ്ട്രീയ ദശാസന്ധികളിലെല്ലാം സംഘ പരിവാറിന്നെതിരിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്നതിനുപകരം കീഴടങ്ങൽ സമീപനം ആണ് അദ്ദേഹം സ്വീകരിച്ചത്.പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭം ഉയർന്നപ്പോൾ വിദേശത്തായിരുന്ന രാഹുൽ ഏറ്റവും ഒടുവിൽ പ്രകടന പത്രികയിൽ പോലും പൗരത്വ ഭേദഗതിയെ സംബന്ധിച്ച് പരാമർശമില്ലാത്തതിൽ പോലും ഉത്തരം നൽകാതെ ഒളിച്ചു കളിക്കുന്നു.
അതെ, സംഘ് പരിവാർ ഫാസിസത്തിന്നെതിരെ മയപ്പെടുത്തിയ സമീപനം രാഹുൽ ഗാന്ധി മുഖ മുദ്രയാക്കുമ്പോൾ മോദി സർക്കാരിന്റെ കിരാത നടപടികൾക്കെതിരെ പോരാട്ടങ്ങൾ മുൻപന്തിയിൽ നിന്നും നയിച്ച രാജ്യത്തിന്റെ ധീരവനിതയാണ് സഖാവ് ആനി രാജ. സമൂഹത്തിൽ അധസ്ഥിത വിഭാഗത്തിനായി നിലയുറച്ചു നിൽക്കാനും സംഘ് പരിവാറിന്റെ വർഗ്ഗീയ രാഷ്ട്രീയത്തിനും മറ്റു ജനദ്രോഹ നയങ്ങൾക്കുമെതിരെ പ്രത്യയ ശാസ്ത്ര പരമായും സംഘടന പരമായും പ്രതിരോധം തീർക്കാനും മുൻ നിരയിൽ തന്നെ നില കൊണ്ട വ്യക്തിത്വം. രാജ്യത്തെ സ്നേഹിക്കുന്ന രാജ്യത്തിന്റെ ബഹുസ്വരത നില നിൽക്കണമെന്നാഗ്രഹിക്കുന്ന ജനാധിപത്യ വിശ്വാസികളുടെയും മതേതര വാദികളുടെയും യോജിച്ച മുന്നേറ്റം കാലഘട്ടം ആവശ്യപ്പെടുന്ന വർത്തമാന പശ്ചാത്തലത്തിലാണ് ആനി രാജ വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയാവുന്നത്.
ഭരണകൂടം അവരുടെ താൽപര്യങ്ങൾക്കനുസൃതമായി രാജ്യത്തെ പൗരന്മാരെ വലിയ രീതിയിൽ ധ്രുവീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭരണ ഘടന വിഭാവന ചെയ്യുന്ന തുല്യതയുടെയും മത നിരപേക്ഷ മൂല്യങ്ങളുടെയും നില നിൽപ്പിനായുള്ള പോരാട്ടത്തിൽ ആനി രാജയുടെ സാന്നിധ്യം ആവശ്യപ്പെടുന്നു വർത്തമാന ഇന്ത്യ!