മോദി സർക്കാരിന്റെ കിരാത നടപടികൾക്കെതിരെ പോരാട്ടങ്ങൾ മുൻപന്തിയിൽ നിന്നും നയിച്ച രാജ്യത്തിന്റെ ധീരവനിത. ഇക്കുറി വയനാട് ലോക്സഭ മണ്ഡലത്തില് നിന്നും ജനവിധി തേടുകയാണ്. വിശ്രമമില്ലാത്ത ജനസേവന പ്രവർത്തനങ്ങളിലേർപ്പെടാനും സമൂഹത്തിൽ അധസ്ഥിത വിഭാഗത്തിനായി നിലയുറച്ചു നിൽക്കാനും എക്കാലവും ശ്രദ്ധചെലുത്തിയിരിക്കുന്ന വ്യക്തിത്വം. രാജ്യത്തെ സ്നേഹിക്കുന്ന രാജ്യത്തിന്റെ ബഹുസ്വരത നില നിൽക്കണമെന്നാഗ്രഹിക്കുന്ന ജനാധിപത്യ വിശ്വാസികളുടെയും മതേതര വാദികളുടെയും യോജിച്ച മുന്നേറ്റം കാലഘട്ടം ആവശ്യപ്പെടുന്ന വർത്തമാന പശ്ചാത്തലത്തിലാണ് ആനി രാജ വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയാവുന്നത്.
രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ കരുത്തുറ്റ മുഖമായ അവർ സ്ത്രീകളും ആദിവാസികളും ദളിത് വിഭാഗങ്ങളുമടക്കമുള്ളവർ നേരിടുന്ന മനുഷ്യത്വ വിരുദ്ധമായ സാമൂഹ്യ സാഹചര്യങ്ങൾക്കെതിരിൽ ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങളാൽ പ്രചോദിതമായ പ്രവർത്തന പാൻഥാവിലൂടെയുള്ള ഐതിഹാസികമായ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ മുഖവുമാണ്.
വിഭജന രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ചു കൊണ്ടുള്ള സംഘ് പരിവാർ ഹിഡൻ അജണ്ട മണിപ്പൂരിനെ മാസങ്ങളോളം കലാപ ഭൂമിയാക്കി മാറ്റിയപ്പോൾ കലാപം സർക്കാർ സ്പോൺസർഡ് ആണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഫാസിസ്റ്റ് ഭരണത്തിന്നെതിരിൽ സമാനതകളില്ലാത്ത പോരാട്ടങ്ങൾക്കാണവർ നേതൃത്വം നൽകിയത്.
സർക്കാർ വിരുദ്ധ നിലപാടുകളെ ദേശവിരുദ്ധ പ്രവർത്തനങ്ങളായി മുദ്ര കുത്തുകയും തങ്ങൾക്കെതിരായ ആശയങ്ങളുടെ ഉന്മൂലനം ഒളിയജണ്ടയായി സ്വീകരിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടം പ്രസ്തുത പരാമർശത്തെ തുടർന്ന് അവർക്കെതിരിൽ രാജ്യ ദ്രോഹക്കുറ്റം ചുമത്തി കേസ് എടുക്കുകയായിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത മതങ്ങളെ തങ്ങളുടെ കാൽ കീഴിൽ കൊണ്ട് വരുന്നതിനായുള്ള കുത്സിത ശ്രമ ഫലമായി രൂപം കൊള്ളുന്ന അപര മത വിദ്വേഷത്തെ സമർത്ഥമായി ഉപയോഗിച്ചുള്ള കുടില തന്ത്രങ്ങൾക്കെതിരെയും ആനി രാജ ശബ്ദമുയർത്തി.
ഭരണ ഘടന വിരുദ്ധവും മത നിരപേക്ഷ രാഷ്ട്രത്തിൽ മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് അംഗീകാരം നൽകുന്നതുമായ ‘പൗരത്വ ഭേദഗതി നിയമ’ ത്തിലൂടെയും ഏക സിവിൽ കോഡി’ ലൂടെയും രാജ്യത്തിന്റെ കരുത്തായ വൈവിധ്യത്തെ തകർക്കാനുള്ള സംഘ് പരിവാർ ഒളിയജണ്ടക്കെതിരെ സുശക്തമായ നിലപാടുകളിലൂന്നിയുള്ള ഫാസിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്നാണ് ആനി രാജ നേതൃത്വം നൽകിയത്. ലൈംഗികാതിക്രമണക്കേസിൽ പ്രതി ചേർക്കപ്പെട്ട ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ ഭരണ കൂടം കാണിച്ച നിഷ്‌ക്രിയാവസ്ഥക്കെതിരിൽ പ്രതിഷേധിച്ചു കൊണ്ട് രാജ്യ തലസ്ഥാന നഗരിയിൽ പരമോന്നത കായിക പുരസ്‌കാരമായ ഖേൽ രത്നയും പത്മ ശ്രീയുമടക്കം നേടിയവരടക്കമുള്ള രാജ്യാന്തര കായിക താരങ്ങൾ പോർമുഖം തുറപ്പോഴും ഇന്ത്യ കണ്ടു ആനി രാജയുടെ പോരാട്ട വീര്യം. ഇപ്രകാരം സംഘ് പരിവാറിന്റെ വർഗ്ഗീയ രാഷ്ട്രീയത്തിനും മറ്റു ജനദ്രോഹ നയങ്ങൾക്കുമെതിരെ പ്രത്യയ ശാസ്ത്ര പരമായും സംഘടന പരമായും പ്രതിരോധം തീർക്കാൻ മുൻ നിരയിൽ തന്നെ എന്നും ആനി രാജ ഉണ്ടായിരുന്നു.
രാജ്യത്തിന്റെ നില നിൽപ്പിനായുള്ള പോരാട്ടങ്ങളും പ്രതിരോധങ്ങളും കൂടുതൽ പ്രസക്തവും അനിവാര്യവുമായിരിക്കുന്ന സാമൂഹ്യ -രാഷ്ട്രീയ പശ്ചാത്തലത്തിൽ ആനി രാജയുടെ സ്ഥാനാർഥിത്വത്തിന് പ്രസക്തിയേറുന്നു. മതന്യൂനപക്ഷങ്ങൾക്കും ദളിത് വിഭാഗങ്ങൾക്കുമെതിരായുള്ള ഫാസിസ്റ്റ് ആക്രമണങ്ങളും അവർക്കെതിരായ വിദ്വേഷം ജനിപ്പിക്കുന്നതും ഭീകരവാദം ആരോപിക്കുന്നതുമായ പ്രചാരവേലകളുമടക്കം നഗ്നമായ സ്വേച്ഛാധിപത്യവാഴ്‌ചയുടെ ഭീഭത്സ രൂപം ഇന്ന് ഇന്ത്യ ദർശികുമ്പോൾ ആനി രാജയുടെ ശബ്ദം പാർലമെന്റിൽ മുഴങ്ങേണ്ടതുണ്ട്.
ഭരണകൂടം അവരുടെ താൽപര്യങ്ങൾക്കനുസൃതമായി രാജ്യത്തെ പൗരന്മാരെ വലിയ രീതിയിൽ ധ്രുവീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭരണ ഘടന വിഭാവന ചെയ്യുന്ന തുല്യതയുടെയും മത നിരപേക്ഷ മൂല്യങ്ങളുടെയും നില നിൽപ്പിനായുള്ള പോരാട്ടത്തിൽ ആനി രാജയുടെ സാന്നിധ്യം ആവശ്യപ്പെടുന്നു വർത്തമാന ഇന്ത്യ.