കൊല്ലം: ആയൂരിലെ പരീക്ഷാ കേന്ദ്രത്തിൽ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. സംഭവം ദൗർഭാഗ്യകരമെന്ന് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു.
മറ്റൊരു പരീക്ഷാ കേന്ദ്രത്തിലും നടക്കാത്ത സംഭവമാണ് കൊല്ലത്ത് നടന്നത്. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണോ എന്ന് അന്വേഷിക്കണമെന്നും ആനി രാജ പറഞ്ഞു.
കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് മാറ്റിവെപ്പിച്ച നടപടിയിൽ കുറ്റക്കാരെ കണ്ടെത്തി കർശ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടിരുന്നു.
പരീക്ഷ എഴുതാനെത്തുന്ന കുട്ടികളുടെ ആത്മവിശ്വാസം കളയുന്ന തരത്തിലുള്ള നടപടികൾ എടുക്കുന്ന ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡൻറ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിറക്കിയിരുന്നു.