മുസ്ലിം വിഭാഗത്തിനെതിരെ വിവാദ പരാമർശം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു. ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ ഷെയർ ചെയ്തിരുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഹിന്ദുക്കളുടെ സ്വത്തുക്കൾ തട്ടിയെടുത്ത് മുസ്ലിങ്ങൾക്ക് വിതരണം ചെയ്യുമെന്ന് നരേന്ദ്രമോദി പറയുന്നതാണ് വിഡിയോയിലെ ഉള്ളടക്കം. വിഡിയോ നീക്കം ചെയ്തത് ബിജെപി അക്കൗണ്ട് തന്നെയാണോ അതോ ഇൻസ്റ്റഗ്രാം ആണോയെന്ന് വ്യക്തമല്ല. തെറ്റായ വിവരത്തിനും വിദ്വേഷ പ്രസംഗത്തിനുമെതിരെ നിരവധി ഇൻസ്റ്റഗ്രാം ഉപഭോക്താക്കൾ വിഡിയോ റിപ്പോർട്ട് ചെയ്തിരുന്നു.
കോൺഗ്രസ് നിങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് മുസ്ലിങ്ങൾക്ക് നൽകും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഉൾപ്പെടുത്തിയാണ് ബിജെപി പ്രചാരണ വിഡിയോ ഇറക്കിയത്. പ്രസ്താവന നടത്തിയ പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികൾ ലഭിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനിടെയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് അപ്രത്യക്ഷമായത്.
അനിമേറ്റഡ് വിഡിയോ ആണ് വിദ്വേഷം ഉൾപ്പെടുത്തി ബിജെപി ഇറക്കിയത്. കോൺഗ്രസിന്റെ ഏറ്റവും പ്രിയപ്പെട്ട ജനവിഭാഗം മുസ്ലിങ്ങളാണെന്ന് വിഡിയോയിൽ പറയുന്നു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ പുറംചട്ടയിൽ മുസ്ലിം ലീഗിന്റെ പതാകയുണ്ട്. രാഹുൽ ഗാന്ധിയാണ് ഈ പ്രകടനപത്രിക ഉയർത്തിപ്പിടിച്ചിരിക്കുന്നത്.
കോൺഗ്രസ് നിങ്ങളുടെ സ്വത്ത്, സമ്പത്ത്, ആഭരണങ്ങൾ, താലിമാല എന്നിവയുടെ എക്‌സ് റേ എടുക്കും. അവർ ഓരോ വീടുകളും റെയ്ഡ് ചെയ്ത് നിങ്ങളുടെ സ്വത്ത് തട്ടിയെടുക്കുകയും, അത് അവരുടെ പ്രിയപ്പെട്ട വോട്ടർമാർക്ക് പുനർവിതരണം ചെയ്യുകയും ചെയ്യും. മോദി ജീവനോടെ ഉണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈ വെയ്ക്കാൻ കോൺഗ്രസിനെ സമ്മതിക്കില്ല. ആ സ്വപ്നം അങ്ങ് മറന്നേക്കുവെന്നും സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോൺഗ്രസിന്റെ സ്വപ്നം നടക്കില്ലെന്നും നിങ്ങളുടെ സ്വപ്നമെന്തോ അതാണ് മോദിയുടെ സ്വപ്നമെന്നും പ്രധാനമന്ത്രി പറഞ്ഞു.